ആഘോഷങ്ങളിൽ തിളങ്ങാൻ ചില പൊടിക്കൈകൾ

ആഘോഷങ്ങളിൽ തിളങ്ങാൻ ചില പൊടിക്കൈകൾ

ആഘോഷങ്ങൾ നമ്മെ ഒരുമിപ്പിക്കുന്നതും, സന്തോഷം പങ്കുവെക്കുന്നതിനുമുള്ള വേളകളാണ്. ഇത്തരം സമയങ്ങളിൽ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. പെരുമാറ്റം, വേഷം, ആശയവിനിമയം, തീരുമാനങ്ങൾ എന്നിവയാണ് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ തുറന്നു കാട്ടുന്ന പ്രധാന ഘടകങ്ങൾ. ഇതിൽ വസ്ത്രധാരണത്തിനും അണിഞ്ഞൊരുങ്ങലിനും വലിയ പങ്കുണ്ട്. കാണുന്നവരിൽ നല്ലൊരു മതിപ്പുളവാക്കണമെങ്കിൽ, മികച്ച വസ്ത്രധാരണം, വ്യക്തിഗത ശുചിത്വം, സ്വയം അവതരിപ്പിക്കുന്ന രീതി, വസ്ത്രത്തോടൊപ്പം ധരിക്കുന്ന ആഭരണങ്ങൾ എന്നിവയിലെല്ലാം ശ്രദ്ധ ചെലുത്തേണ്ടതാണ്. എന്നിരുന്നാലും വസ്ത്രവും മേക്കപ്പും മാത്രമല്ല, ആത്മവിശ്വാസത്തോടെ ചിരിക്കുന്ന മുഖം തന്നെയാണ് ആഘോഷങ്ങളിൽ ഒരാളെ ഏറ്റവും അധികം തിളക്കമുള്ളവനാക്കുന്നത്.

1. വസ്ത്രം തിരഞ്ഞെടുക്കൽ

അവസരത്തിന് യോജിച്ച വസ്ത്രം ധരിക്കുക. അതായത് ഒഫിഷ്യൽ മീറ്റിംഗ്, കാഷ്വൽ ഔട്ടിംഗ്, ആഘോഷങ്ങൾ എന്നിവയ്ക്ക് വസ്ത്രധാരണ രീതികൾ വ്യത്യാസപ്പെട്ടിരിക്കും. ശരീരഘടനയ്ക്ക് അനുസ്തൃതമായ നിറങ്ങളും ഫാഷനും തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. അധികം ഇറുകിയതോ അയഞ്ഞതോ ആയിട്ടുള്ള വസ്ത്രങ്ങൾ അഭംഗി തോന്നാനിടയാക്കും. ഉത്സവങ്ങൾക്ക് തിളങ്ങുന്ന ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ നിറങ്ങൾ തെരഞ്ഞെടുക്കുന്നത് ഉചിതമാകും. ചെറിയ കുടുംബാഘോഷങ്ങൾക്കോ സ്നേഹസംഗമങ്ങൾക്കോ ലളിതവും ഭംഗിയുമുള്ള വസ്ത്രങ്ങളും, ഔപചാരിക പരിപാടികൾക്ക് സോഫ്റ്റ് പേസ്റ്റൽ ടോണുകളോ ക്ലാസിക്കൽ ബ്ലാക്ക്, വൈറ്റ്, ഗ്രേ എന്നിവയും ആകർഷകത്വം വർദ്ധിപ്പിക്കാൻ സഹായിക്കും.


എക്കാലത്തും ആഘോഷങ്ങളുടെ രാജ്ഞിയാണ് സാരികൾ. എന്നാൽ പരമ്പരാഗത സിൽക്ക് സാരിക്ക് കോൺട്രാസ്റ്റ് ബ്ലൗസ്, സ്റ്റൈലിഷ് സ്ലീവ്സ്, മോഡേൺ ആഭരണങ്ങൾ എന്നിവ കൂടി ചേർത്താൽ പഴമയും പുതുമയും ചേർന്നൊരു സ്റ്റൈലിഷ് ലുക്ക് ലഭിക്കും.
യുവാക്കൾക്ക് മുണ്ടു൦ ഷർട്ടും, കോട്ടും ഷെർവാനിയും പുറമെ ഇന്തോ-വെസ്റ്റേൺ സ്റ്റൈലിലുള്ള ജാക്കറ്റ് കുർത്തകളും എക്കാലത്തെയും ട്രെൻഡാണ്.

2. വ്യക്തിഗത ശുചിത്വം

വൃത്തിയുള്ള, ചുളിവുകളില്ലാത്ത വസ്ത്രം ധരിക്കുക. ശരിയായ രീതിയിൽ മുടി, മീശ, താടി എന്നിവ വെട്ടിയൊതുക്കുക. നിയന്ത്രിതമായ അളവിൽ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്.

3. പാദരക്ഷകളും അനുബന്ധവസ്തുക്കളും

 

വസ്ത്രത്തിന് യോജിച്ച ചെരുപ്പ് ധരിക്കുന്നത് കൂടുതൽ പകിട്ട് നൽകും. ബെൽറ്റ്, വാച്ച്, ടൈ, ബാഗ് എന്നിവ ധരിച്ചിരിക്കുന്ന വസ്ത്രവുമായി ചേർച്ചയുള്ളതാണോയെന്ന് ഉറപ്പാക്കണം. അമിതമായ ആഭരണങ്ങൾ ഒഴിവാക്കി, ലളിതവും മോടിയുള്ളതുമായവ മാത്രം ഉപയോഗിക്കുക.

 

 

 

 

 

4. മേക്കപ്പ്

ആഘോഷങ്ങളിൽ വസ്ത്രധാരണം പോലെ തന്നെ മേക്കപ്പും വലിയൊരു പങ്ക് വഹിക്കുന്നു. എന്നാൽ പകൽ സമയത്തും രാത്രി സമയത്തും ഒരേ രീതിയിലുള്ള മേക്കപ്പ് ഉപയോഗിക്കുന്നത് ശരിയല്ല. പ്രകാശത്തിന്റെ സ്വഭാവവും, സാഹചര്യവും, അന്തരീക്ഷവും അനുസരിച്ച് മേക്കപ്പിന്റെ സ്റ്റൈൽ മാറ്റുന്നത് നിങ്ങളെ കൂടുതൽ ആകർഷകമാക്കും.
                         

  പകൽ സമയത്ത് സൂര്യന്റെ വെളിച്ചം ഉള്ളതിനാൽ മേക്കപ്പ് ലളിതവും സ്വാഭാവികവുമായിരിക്കുന്നത് നല്ലതാണ്. രാത്രി സമയത്ത് കൃത്രിമ വെളിച്ചം ഉപയോഗിക്കുന്നതിനാൽ ബോൾഡും ഗ്ലാമറസുമായ രീതിയിൽ മേക്കപ്പ് ചെയ്യുന്നത് കൂടുതൽ ആകർഷകമായിരിക്കും.

5. ആത്മവിശ്വാസം
ആത്മവിശ്വാസമുള്ള ചിരി തന്നെയാണ് ഒരാളെ ശ്രദ്ധകേന്ദ്രമാക്കുന്നത്. ഓരോ അവസരത്തിലും വ്യത്യസ്തമായി തിളങ്ങാൻ ശരിയായ സ്റ്റൈൽ ചോയ്സ്, മേക്കപ്പ് സെൻസ്, ഒപ്പം കുറച്ച് ആത്മവിശ്വാസവും വേണം.

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.