ഞണ്ട് രസം
മഴക്കാലം പനിക്കാലം കൂടിയാണ്. അത് പലവഴിക്ക് നമ്മെ പിടികൂടും. പണ്ടൊക്കെ പനിയും ജലദോഷവും മാറ്റാന്‍ മുത്തശ്ശിമാര്‍ പ്രയോഗിക്കുന്ന ചില പൊടികൈകളുണ്ട്, അതിലൊന്നാണ് ഞണ്ട് രസം. ഞണ്ട് ഇറച്ചി വളരെയധികം പോഷകഗുണങ്ങള്‍ നിറഞ്ഞതാണ്. ജലദോഷം, ചുമ ഒക്കെയുള്ളപ്പോള്‍ കുരുമുളക് കൂടുതല്‍ ചേര്‍ത്ത് ഞണ്ട് രസം ഉണ്ടാക്കി കഴിക്കും പണ്ടൊക്കെ. നമുക്കൊന്ന് പരീക്ഷിച്ചു നോക്കിയാലോ?…
ചേരുവകള്‍
ഞണ്ട് – ½ കിലോ
ചെറിയ ഉള്ളി – 5 എണ്ണം
തക്കാളി – 2 എണ്ണം
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – 1 ടീസ്പൂൺ
വെളുത്തുള്ളി – 6 അല്ലി
കറിവേപ്പില – 1 തണ്ട്
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
ജീരകം – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2 ടേബിൾസ്പൂൺ
വെള്ളം – 2–3 കപ്പ്
പുളി – ചെറിയ നാരങ്ങയുടെ വലിപ്പം
മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഞണ്ട് വൃത്തിയാക്കി കഴുകിയെടുക്കുക. പുളി വെള്ളത്തിലിട്ട് കുതിർത്ത് പിഴിഞ്ഞെടുക്കുക. ജീരകം, കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് അരച്ചെടുക്കുക. ഒരു ചട്ടി അടുപ്പത്തുവച്ച് എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി, തക്കാളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് അരച്ചുവച്ചിരിക്കുന്ന മസാല, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് പച്ചമണം മാറുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന ഞണ്ട് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഞണ്ടിൽ മസാലപിടിച്ചുകഴിയുമ്പോൾ പുളിവെള്ളം ചേർത്ത് തിളപ്പിക്കുക. രസത്തിന്റെ പാകമാകുമ്പോൾ ആവശ്യത്തിന് മല്ലിയില ചേർത്തിളക്കുക. രുചികരമായ ഞണ്ട് രസം തയ്യാർ.

