സൗന്ദര്യസംരക്ഷണത്തിനുള്ള ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ
സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാവിധ പ്രശ്നങ്ങൾക്കുമുള്ള പരിഹാരങ്ങൾ വീട്ടിൽ തന്നെ കണ്ടെത്തിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അടുക്കളയിലും തൊടിയിലും ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ നിർമ്മിച്ചെടുത്ത ഫെയ്സ് മാസ്കുകൾ മുതൽ പ്രകൃതിദത്ത ചർമ്മപരിഹാരങ്ങൾ വരെ അന്ന് സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായിരുന്നു. നമ്മുടെ പൂർവ്വികർ കൈമാറി വന്ന ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ പരിചയപ്പെടാം.
1. കറ്റാർവാഴ
നമ്മുടെ വീട്ടുമുറ്റത്ത് വളർത്തുന്ന കറ്റാർ വാഴ ചെടിയുടെ ഇലകളിൽ നിന്നുമുള്ള ജെൽ സൗന്ദര്യസംരക്ഷണത്തിനുള്ള ഏറ്റവും മികച്ച പ്രകൃതിദത്ത പരിഹാരമാണ്. ഓരോ തവണയും പുതിയ ഇലകളിൽ നിന്നും നേരിട്ട് ജെൽ പുറത്തെടുത്ത് ഇത് കുറച്ചുനേരം മുഖത്ത് പുരട്ടി വെച്ചശേഷം കഴുകിക്കളയുക. ചർമ്മത്തിൽ ജലാംശം നിലനിർത്താൻ കറ്റാർവാഴ ജെൽ സഹായിക്കുന്നു.
2. മുൾട്ടാനി മിട്ടി, തേൻ
ആഴ്ചയിൽ ഒരിക്കൽ വീതം മുൾട്ടാനി മിട്ടി, തേൻ, തൈര് എന്നിവ ചേർത്ത ഫേസ് പായ്ക്ക് മുഖത്ത് ഉപയോഗിക്കുന്നത് വഴി മുഖചർമ്മത്തെ കൂടുതൽ ശുദ്ധീകരിക്കാനും വശ്യമനോഹരമാക്കി മാറ്റിയെടുക്കാനും കഴിയും.
3. കാപ്പിപ്പൊടിയും പാലും
കാപ്പിപ്പൊടിയും പാലും ചേർത്ത് മുഖത്തും പുരട്ടുന്നത് മുഖചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കും. കോഫിയിലെ ചെറിയ തരികൾ ചർമ്മത്തെ അഴുക്കുകളെ സൗമ്യമായി പുറംതള്ളുമ്പോൾ പാല് ചർമ്മത്തിന് ആവശ്യമായ ജലാംശവും പോഷകങ്ങളും പകർന്നു നൽകിക്കൊണ്ട് ചർമ്മത്തെ സുഖപ്പെടുത്തുന്നു.
4. മഞ്ഞൾ, കടലമാവ്, തേൻ
ചർമ്മത്തിൽ ഉണ്ടാവുന്ന ടാനുകളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്ന ചേരുവകളാണ് മഞ്ഞളും, കടലമാവും തേനും. ഈ മൂന്ന് ചേരുവകൾ ചേർത്തുണ്ടാക്കുന്ന ഫേസ് പാക്ക് സൂര്യപ്രകാശമേറ്റുണ്ടാകുന്ന ടാനുകളെ നീക്കം ചെയ്യുന്നതിന് സഹായിക്കും. കൂടാതെ ചർമ്മത്തെ മൃദുലവും തിളക്കവുമുള്ളതാക്കാൻ ഫേസ് പാക്കിലെ പ്രകൃതിദത്ത ഗുണങ്ങൾ സഹായിക്കും.
5. തേൻ, കാപ്പിപ്പൊടി
തേനും കാപ്പിപ്പൊടിയും ചേർത്ത് തയ്യാറാക്കിയ സ്ക്രബ് ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ പുറന്തള്ളുന്നതിന് ഏറ്റവും മികച്ചതാണ്. വരണ്ട ചർമ്മത്തിലെ എക്സ് ഫോളിയേഷൽ പ്രകിയ തേൻ വളരെ എളുപ്പമാക്കി മാറ്റുന്നു. കാപ്പിയിലെ ഗുണങ്ങൾ ചർമ്മത്തെ ഉള്ളിൽ നിന്ന് പരിപോഷിപ്പിക്കുന്നതോടൊപ്പം ചർമ്മത്തിന്റെ സ്നിഗ്ദ്ധത നിലനിർത്തുകയും ചെയ്യുന്നു.
6. ഓട്ട്സ്, തൈര്
ചർമ്മം വളരെ സെൻസിറ്റീവും എണ്ണമയമുള്ളതുമാണെങ്കിൽ ഈ മാസ്ക് ചെയ്യാൻ ഏറ്റവും മികച്ചതാണ്. ഒരു ടേബിൾ സ്പൂൺ ഓട്സ് തൈരിൽ കുതിർക്കുക. എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ മാസ്ക് ചർമ്മത്തിന് തിളക്കം നൽകുന്നതോടൊപ്പം എണ്ണമയം ഇല്ലാതാക്കുകയും ചെയ്യുന്നു.
7. ഗ്രീൻ ടീ, തേൻ
ആരോഗ്യത്തിനായി കുടിക്കാൻ മാത്രമുള്ളതല്ല ഗ്രീൻ ടീ. ചർമ്മത്തിൽ ഉപയോഗിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനുള്ള കഴിവും ഗ്രീൻ ടീയ്ക്കുണ്ട്. പതിവായി മുഖം കഴുകുന്നതിനായി ഗ്രീൻ ടീയും തേനും ചേർത്ത് ഒരു മികച്ച ക്ലെൻസർ തയ്യാറാക്കുക. ഇത് ചർമ്മം മൃദുവാക്കുകയും തിളക്കമുള്ളതാക്കുകയും ചെയ്യും.
8. വെള്ളം
ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കുന്നത് തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുന്നു. നിർജ്ജലീകരണം ചെയ്യുമ്പോഴാണ് ചർമ്മം കൂടുതൽ മങ്ങിയതും നിറം നഷ്ടപ്പെട്ടതുമായി കാണപ്പെടുന്നത്. അതിനാൽ തന്നെ ഒരു ദിവസം മൂന്ന് ലിറ്ററിലധികം വെള്ളം കുടിക്കുന്നത് നിർബന്ധമാക്കുക. ഒപ്പം ദിവസത്തിൽ ചുരുങ്ങിയത് രണ്ടുതവണയെങ്കിലും ശുദ്ധമായ വെള്ളം ഉപയോഗിച്ച് മുഖചർമ്മം നന്നായി കഴുകുകയും ചെയ്യുക.

