ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു
പ്രശസ്ത ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു. 27 വർഷത്തെ സേവനം പൂർത്തിയാക്കിയ ശേഷമാണ് അവർ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചത്. 1998-ലാണ് സുനിത വില്യംസ് നാസയുടെ ഭാഗമായത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്ന് ദൗത്യങ്ങളിലായി ആകെ 608 ദിവസം സുനിത വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ചു. ദീർഘകാല ബഹിരാകാശ വാസം, ശാസ്ത്രീയ പരീക്ഷണങ്ങൾ, ബഹിരാകാശ നടത്തങ്ങൾ എന്നിവയിൽ നിർണായക പങ്ക് വഹിച്ച അവർ നാസയുടെ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ സ്ഥാനം നേടിയിട്ടുണ്ട്.
ഇന്ത്യൻ വംശജയായ വനിത എന്ന നിലയിൽ ബഹിരാകാശ ഗവേഷണ രംഗത്ത് ലോകമെമ്പാടുമുള്ള യുവതലമുറയ്ക്ക് പ്രചോദനമായ സുനിത വില്യംസിന്റെ വിരമിക്കൽ ബഹിരാകാശ ശാസ്ത്രലോകത്തിന് ഒരു പ്രധാന ഘട്ടമാണ്.
2024ൽ എട്ടു ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ സുനിത വില്യംസും ബുച്ച് വിൽമോറും ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാറുകൾ മൂലം ഒമ്പതു മാസത്തിലധികം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചെലവിടേണ്ടതായി വന്നിരുന്നു.
2006 ഡിസംബര്‍ ഒന്‍പതിന് ഡിസ്കവറിയിലേറിയാണ് സുനിത ആദ്യമായി ബഹിരാകാശത്തെത്തിയത്. 2012 ജൂലൈ 14നായിരുന്നു രണ്ടാം ദൗത്യം. ഈ ദൗത്യത്തില്‍ സ്റ്റേഷന്‍ റേഡിയേറ്ററിലെ അമോണിയ ചോര്‍ച്ച പരിഹരിച്ചതുള്‍പ്പടെ മൂന്ന് ബഹിരാകാശ നടത്തവും സുനിത വില്യംസ് നടത്തിയിരുന്നു.
Photo courtesy : Google /images may be subject to copyright

