2025-ലെ ശക്തമായ മുന്നേറ്റത്തിന് ശേഷം: സ്വർണ്ണവിപണിയുടെ അടുത്ത ഘട്ടം എന്ത്?

2025-ലെ ശക്തമായ മുന്നേറ്റത്തിന് ശേഷം: സ്വർണ്ണവിപണിയുടെ അടുത്ത ഘട്ടം എന്ത്?

2025-ൽ സ്വർണ്ണം ഒരു യഥാർത്ഥ ബ്ലോക്ക്ബസ്റ്റർ പ്രകടനം കാഴ്ചവെച്ചു. രൂപയിൽ കണക്കാക്കുമ്പോൾ 70–75% വരെ വരുമാനം നൽകിക്കൊണ്ട്, അന്താരാഷ്ട്രവും ആഭ്യന്തരവുമായ വിപണികളിൽ എക്കാലത്തേയും ഉയർന്ന നിരക്കുകൾ അത് മറികടന്നു. വിലയിലെ ഈ ശക്തമായ കുതിപ്പ്, ഒരു വർഷം മുൻപ് മിക്ക വിശകലന വിദഗ്ധരും പ്രതീക്ഷിച്ചതിനെക്കാൾ വളരെ മേലെയായിരുന്നു.

ഇപ്പോൾ നിക്ഷേപകർ 2026-നെ ലക്ഷ്യമിടുമ്പോൾ, സുരക്ഷിത നിക്ഷേപമായി സ്വർണ്ണത്തിനുള്ള ശക്തമായ ആവശ്യകത, സെൻട്രൽ ബാങ്കുകളുടെ തുടർച്ചയായ വാങ്ങലുകൾ, കൂടാതെ ആഗോളതലത്തിൽ നിലനിൽക്കുന്ന ബുള്ളിഷ് ചരക്ക് വിപണി പശ്ചാത്തലം ഇവയൊക്കെ ചേർന്ന് 2025-ലെ പ്രകടനത്തെക്കാൾ കൂടുതൽ നേട്ടങ്ങൾക്ക് സാധ്യതയുണ്ടെന്ന സൂചനകളാണ് നൽകുന്നത്.

2025: എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഒരു വർഷം

മിക്ക വിശകലന വിദഗ്ധരും 2025-ലേക്ക് കടന്നത് സ്വർണ്ണത്തിന് മികച്ചൊരു വർഷമുണ്ടാകുമെന്ന പ്രതീക്ഷയോടെയായിരുന്നു. എന്നാൽ പിന്നീട് രൂപപ്പെട്ട റാലിയുടെ വ്യാപ്തി, വർഷം മുന്നോട്ട് പോകുന്നതിനിടെ അത്രയും വലുതാകുമെന്ന് വളരെ കുറച്ചുപേർ മാത്രമേ കണക്കാക്കിയിരുന്നുള്ളൂ. 2024 അവസാനത്തോടെ പുറത്തുവന്ന പ്രവചനങ്ങളിൽ, 2025-ൽ സ്വർണ്ണവില ഔൺസിന് 2,300 മുതൽ 2,700 ഡോളർ വരെയായിരിക്കും എന്നായിരുന്നു പൊതുവായ വിലയിരുത്തൽ. ഏറ്റവും ബുള്ളിഷ് കണക്കുകൂട്ടലുകൾ പോലും പിന്നീട് കണ്ട ലെവലുകളിലേക്കെത്തുമെന്ന് സൂചിപ്പിച്ചിരുന്നില്ല.

എന്നാൽ യാഥാർത്ഥ്യം എല്ലാ പ്രവചനങ്ങളെയും മറികടന്നു. ഒക്ടോബറിൽ സ്വർണ്ണം ഔൺസിന് 4,000 ഡോളർ കടന്നു, വർഷാവസാനത്തോടെ ഇന്ത്യയിലെ ആഭ്യന്തര വിപണിയിൽ 10 ഗ്രാമിന്റെ വില 1.4 ലക്ഷം രൂപയിലേക്കെത്തുന്ന നിലയിലേക്കും നീങ്ങി. ഇന്ത്യൻ നിക്ഷേപകരുടെ കാഴ്ചപ്പാടിൽ, ഇത് ഏകദേശം 70–75 ശതമാനം വരെ കലണ്ടർ വർഷത്തെ ലാഭമായി മാറി. അതോടെ 2025-ലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച പ്രധാനധാരാ ആസ്തി വിഭാഗങ്ങളിൽ ഒന്നായി സ്വർണ്ണം ഉയർന്നു. ഈ റാലിയുടെ വ്യാപ്തി, വർഷം മുന്നോട്ട് പോകുന്നതിനിടെ, ദീർഘകാലമായി സ്വർണ്ണത്തെ പിന്തുണച്ചിരുന്ന നിക്ഷേപകരെയും അവരുടെ ലക്ഷ്യവിലകൾ പുനഃപരിശോധിക്കാൻ നിർബന്ധിതരാക്കി.

മെറ്റിയോറിക് റൈസ്: എന്തുകൊണ്ട്?

സ്വർണ്ണത്തിന്റെ അസാധാരണമായ ഉയർച്ചയ്ക്ക് പിന്നിൽ പ്രത്യേകിച്ച് അമേരിക്കയിൽ, രണ്ട് പ്രധാന ഘടനാപരമായ ശക്തികളാണ് കേന്ദ്രബിന്ദുവായിരുന്നത്. കേന്ദ്ര ബാങ്കുകളുടെ സുസ്ഥിരമായ ശേഖരണവും ആഗോളതലത്തിൽ തുടരുന്ന എളുപ്പമുള്ള പണലഭ്യത സാഹചര്യങ്ങളും.

ഔദ്യോഗിക മേഖലയുടെ സമീപകാല കണക്കുകൾ ഇതിന്റെ ശക്തി വ്യക്തമായി കാണിക്കുന്നു. 2010 മുതൽ 2021 വരെ കാലയളവിൽ കേന്ദ്ര ബാങ്കുകളുടെ വാർഷിക ശരാശരി അറ്റ സ്വർണ്ണവാങ്ങൽ ഏകദേശം 473 ടണ്ണിലൊതുങ്ങിയിരുന്നു. എന്നാൽ 2022-ൽ അത് 1,136 ടണ്ണിലേക്കും, 2023-ൽ 1,051 ടണ്ണിലേക്കും, 2024-ൽ 1,045 ടണ്ണിലേക്കും കുതിച്ചു. 2025-ൽ പോലും ഏകദേശം 950 ടൺ സ്വർണ്ണം കേന്ദ്ര ബാങ്കുകൾ വാങ്ങി. ഉയർന്നുവരുന്ന ഭൗമരാഷ്ട്രീയ അപകടസാധ്യതകളും വികസിത രാജ്യങ്ങളുടെ സാമ്പത്തിക സംവിധാനങ്ങളുടെ ദീർഘകാല സുസ്ഥിരതയെക്കുറിച്ചുള്ള ആശങ്കകളും നിലനിൽക്കുന്ന സാഹചര്യത്തിൽ, യുഎസ് ഡോളറിനെ ആശ്രയിച്ചിരുന്ന റിസർവ്വ് ഘടനയിൽ നിന്ന് വൈവിധ്യവത്കരണം തേടുന്ന നിരവധി റിസർവ്വ് മാനേജർമാരുടെ മനോഭാവമാണ് ഈ അസാധാരണമായ ആവശ്യത്തെ പ്രതിഫലിപ്പിക്കുന്നത്.

ഈ പ്രവണതയിൽ ഇന്ത്യയുടെ കേന്ദ്രബാങ്കും സജീവ പങ്കാളിയാണ്. 2025-ലെ മൂന്നാം പാദത്തോടെ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വർണ്ണ ശേഖരം ഏകദേശം 880 ടണ്ണായി ഉയർന്നു — മുൻ വർഷങ്ങളേക്കാൾ ഗണ്യമായ വർദ്ധന. അതിൽ പ്രധാനമായൊരു മാറ്റം, ഈ സ്വർണ്ണശേഖരത്തിന്റെ വലിയൊരു ഭാഗം ഇപ്പോൾ വിദേശത്തേക്കാൾ ആഭ്യന്തരമായി സൂക്ഷിക്കപ്പെടുന്നു എന്നതാണ്. ഇന്ത്യയുടെ ബാഹ്യ ബാലൻസ് ഷീറ്റിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ സ്വർണ്ണത്തിന് ലഭിക്കുന്ന പ്രാധാന്യമാണ് ഈ നീക്കങ്ങൾ അടിവരയിടുന്നത്. അതോടൊപ്പം തന്നെ, ലോഹത്തിന്റെ തന്ത്രപരമായ മൂല്യത്തെക്കുറിച്ച് ആഭ്യന്തര നിക്ഷേപകർക്ക് ശക്തമായ ഒരു സന്ദേശവുമാണിത്.

മാക്രോ സാമ്പത്തികതലത്തിൽ, അമേരിക്കയിൽ തുടരുന്ന അയഞ്ഞ ധനനയവും ധനകാര്യനയങ്ങളും സ്വർണ്ണത്തിന് ശക്തമായ പിന്തുണയായി മാറി. വൻതോതിലുള്ള ധനക്കമ്മി, കുതിച്ചുയരുന്ന പൊതുകടം, കർശ്ശനനയങ്ങളിൽ ‘സ്റ്റോപ്പ്-സ്റ്റാർട്ട്’ സമീപനം എന്നിവ യഥാർത്ഥ പലിശനിരക്കുകൾ നിയന്ത്രിതമായി തുടരാൻ കാരണമായി. ഇതോടെ ദീർഘകാല ഡോളർ മൂല്യത്തകർച്ചയെക്കുറിച്ചുള്ള ആശങ്കകളും വീണ്ടും ശക്തമായി. 2026-ൽ കൂടുതൽ പലിശനിരക്കുകുറയ്ക്കലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷ വിപണികൾ വിലകൂട്ടിത്തുടങ്ങിയതോടെ, സ്വർണ്ണം പോലുള്ള പലിശലാഭമില്ലാത്ത ആസ്തികൾക്ക് അവസരച്ചെലവ് കുറഞ്ഞതിന്റെ വ്യക്തമായ പ്രയോജനം ലഭിച്ചു.

വിശാലമായ കമ്മോഡിറ്റീസ് ബൂം

2025-ൽ സ്വർണ്ണം കാഴ്ചവച്ച അതിശയകരമായ പ്രകടനം ഒരു ഒറ്റപ്പെട്ട സംഭവമല്ല; മറിച്ച്, അത് മുഴുവൻ കമ്മോഡിറ്റി കോംപ്ലക്സിലുടനീളം രൂപപ്പെട്ട വിശാലമായ ഒരു ഉയർച്ചയുടെ ഭാഗമായിരുന്നു. സ്വർണ്ണത്തിന്റെ പരമ്പരാഗതമായി ഉയർന്ന ബീറ്റ സഹചാരിയായ വെള്ളി, ഇന്ത്യയിലെ ആഭ്യന്തര വിപണിയിൽ ഏകദേശം മൂന്നു മടങ്ങ് വരെ ഉയർന്നു. ചില കണക്കുകൾ പ്രകാരം, വെള്ളിയുടെ വാർഷിക നേട്ടം 150–170 ശതമാനം വരെ എത്തിയിരുന്നു. സുരക്ഷിത നിക്ഷേപങ്ങളിലേക്കുള്ള മൂലധന പ്രവാഹങ്ങൾ മാത്രമല്ല, ഇലക്ട്രോണിക്സ്, സോളാർ എനർജി, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ശക്തമായ വ്യാവസായിക ആവശ്യകതയും ഈ ഉയർച്ചയ്ക്ക് പിന്തുണ നൽകി.

അടിസ്ഥാന ലോഹങ്ങളും ഈ റാലിയിൽ പിന്നിലായിരുന്നില്ല. 2025-ൽ ഇന്ത്യൻ എക്സ്ചേഞ്ചുകളിൽ ചെമ്പ് വില 60 ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി. അതേസമയം, അലൂമിനിയം ഉൾപ്പെടെയുള്ള മറ്റ് വ്യാവസായിക ലോഹങ്ങൾ വിതരണം കർശ്ശനമാകുന്നതും, ഊർജ്ജപരിവർത്തനവുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾ വർദ്ധിക്കുന്നതും, പ്രധാന ആഗോളനിർമ്മാണ കേന്ദ്രങ്ങളിൽ ആവശ്യകത പുനരുജ്ജീവിക്കുന്നതുമുള്ള പശ്ചാത്തലത്തിൽ ശക്തമായ ഇരട്ട വളർച്ച കൈവരിച്ചു.
വിലയേറിയ ലോഹങ്ങളെയും അടിസ്ഥാന ലോഹങ്ങളെയും ഒരുമിച്ച് മുന്നോട്ട് നയിച്ച ഈ സമന്വയ റാലി ഒരു പ്രധാന സൂചന നൽകുന്നു. നിക്ഷേപകർ വെറും സുരക്ഷ തേടുന്നതിൽ ഒതുങ്ങുന്നില്ല; മറിച്ച്, ഒരു പുതിയ മൂലധന ചക്രം ആരംഭിക്കുന്നതിലേക്കും, വിഭവപരിമിതികൾ കൂടുതൽ ശക്തമാകുന്ന ഒരു ലോകത്തിലേക്കുമുള്ള ദീർഘകാല സ്ഥാനനിർണ്ണയമാണ് അവർ നടത്തുന്നത്.

2025 ഡിസംബറിൽ പ്രസിദ്ധീകരിച്ച ഗോൾഡ്മാൻ സാച്ചിന്റെ കമ്മോഡിറ്റി ഔട്ട് ലുക്ക് നോട്ടിൽ, 2026 അവസാനത്തോടെ സ്വർണ്ണം ഔൺസിന് 4,900 ഡോളറിലെത്തുമെന്ന് പ്രവചിക്കുന്നു. ശക്തമായ കേന്ദ്ര ബാങ്ക് ആവശ്യകതയും യുഎസ് ഫെഡറൽ റിസർവ്വ് പലിശനിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് ഇതിന് പ്രധാന പിന്തുണ. അതേസമയം, ജെപി മോർഗന്റെ 2025 അവസാനം പുറത്തിറക്കിയ ഔട്ട് ലുക്ക്, 2026-ലെ നാലാം പാദത്തിൽ സ്വർണ്ണം ഔൺസിന് ശരാശരി 5,055 ഡോളർ വരെ എത്തുമെന്ന് സൂചിപ്പിക്കുന്നു. പ്രധാന ബാങ്കുകൾക്കിടയിൽ ഏറ്റവും ബുള്ളിഷ് കാഴ്ചപ്പാടുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.സ്ഥിരമായ സെൻട്രൽ ബാങ്ക് വാങ്ങലുകളും (ഒരു പാദത്തിൽ ഏകദേശം 566 ടൺ) ഫെഡ് ഇളവിംഗ് സൈക്കിളും, സ്റ്റാഗ്ഫ്ലേഷൻ, കറൻസി ഡീബേസ്മെന്റ് എന്നിവയെക്കുറിച്ചുള്ള ആശങ്കകളും ഈ ഉയർന്ന പാതയ്ക്കുള്ള പ്രധാന പിന്തുണയായി ബാങ്ക് ഉദ്ധരിക്കുന്നു.

നിക്ഷേപകരെയും നയരൂപീകരേയും ഒരുപോലെ നോക്കിയാൽ, സമീപകാല പ്രകടനം സ്വർണ്ണത്തിന്റെ തന്ത്രപരമായ പങ്ക് കുറഞ്ഞിട്ടില്ല, മറിച്ച് കൂടുതൽ ഉറപ്പിക്കപ്പെട്ടിരിക്കുകയാണ് എന്നതാണ് പ്രധാന സന്ദേശം. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകളുടെ തുടർച്ചയായ വാങ്ങലുകൾ, കരുതൽ ആസ്തിയായി ലോഹത്തിനുള്ള പ്രാധാന്യം വീണ്ടും അടിവരയിടുന്നു. അതേസമയം, ഭൗമരാഷ്ട്രീയ അസ്ഥിരതകൾ മൂലം ദീർഘകാലം തുടരുന്ന അയഞ്ഞ പണനയ പശ്ചാത്തലത്തിൽ, യഥാർത്ഥ സമ്പത്ത് സംരക്ഷിക്കാനുള്ള സ്വർണ്ണത്തിന്റെ കഴിവിനെക്കുറിച്ച് കുടുംബങ്ങളെയും നിക്ഷേപകരെയും വീണ്ടും ഓർമ്മിപ്പിക്കുന്നതുമാണിത്. അതിനാൽ, ഏറ്റവും വിവേകപൂർണ്ണമായ അടിസ്ഥാന കാഴ്ചപ്പാട് ഇതാണ്: 2026-ൽ സ്വർണ്ണം വഴിയിലുടനീളം അസ്ഥിരത അനുഭവിച്ചേക്കാമെങ്കിലും, അതിന്റെ സുരക്ഷിത താവള പദവി നിലനിർത്തിക്കൊണ്ട്, മിതമായെങ്കിലും തുടർച്ചയായ വിലവർദ്ധനവ് രേഖപ്പെടുത്താൻ സാധ്യത കൂടുതലാണ്.

 

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.