തൻ്റെ അനുമതിയില്ലാതെ പേരും ശബ്ദവും ഉപയോഗിക്കരുത്; മോഹൻലാലിൻ്റെ വ്യക്തിഗത അവകാശങ്ങൾ സംരക്ഷിച്ച് ഡൽഹി ഹൈക്കോടതി
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിൻ്റെ അനുമതിയില്ലാതെ അദ്ദേഹത്തിൻ്റെ പേരോ, ശബ്ദമോ, ചിത്രമോ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഡൽഹി ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. തൻ്റെ ‘പേഴ്സണാലിറ്റി റൈറ്റ്‌സ്’ ലംഘിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടി താരം നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ജ്യോതി സിങ്ങിൻ്റെ നടപടി. മോഹൻലാൽ സമർപ്പിച്ച ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി നിർദേശം നൽകി. വ്യക്തി അവകാശം ലംഘിച്ച എല്ലാ വീഡിയോകളും നീക്കം ചെയ്യണമെന്നായിരുന്നു മോഹൻലാലിന്റെ ഹർജിയിലെ ആവശ്യം.
തൻ്റെ അനുവാദമില്ലാതെ എഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്ദം ക്ലോൺ ചെയ്യുന്നതായും, ചിത്രങ്ങളും വീഡിയോകളും നിർമ്മിച്ച് വ്യാജ പരസ്യങ്ങൾക്കും മറ്റ് വാണിജ്യ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നുവെന്നും മോഹൻലാൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഓൺലൈൻ ലോട്ടറികൾ, ലേണിംഗ് ആപ്പുകൾ തുടങ്ങിയവയിൽ മോഹൻലാൽ പ്രമോട്ട് ചെയ്യുന്നതാണെന്ന രീതിയിൽ വ്യാജ പ്രചാരണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് താരം കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച കോടതി, മോഹൻലാലിൻ്റെ വ്യക്തിഗത അവകാശങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള ലിങ്കുകൾ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും മറ്റ് വെബ്‌സൈറ്റുകൾക്കും നിർദ്ദേശം നൽകി. മെറ്റ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഭീമന്മാരെയും ടെലികോം മന്ത്രാലയത്തെയും എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരുന്നത്.
നേരത്തെ അമിതാഭ് ബച്ചൻ, അനിൽ കപൂർ, രജനികാന്ത് തുടങ്ങിയ താരങ്ങളും സമാനമായ രീതിയിൽ കോടതിയെ സമീപിച്ച് വ്യക്തിഗത അവകാശ സംരക്ഷണം ഉറപ്പാക്കിയിരുന്നു. ആധുനിക കാലത്ത് എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് വർധിച്ചു വരുന്ന സാഹചര്യത്തിൽ ഈ ഉത്തരവിന് വലിയ പ്രാധാന്യമുണ്ട്. കേസിൽ മോഹൻലാലിനായി അഭിഭാഷകരായ എം എഫ് ഫിലിപ്പ്, ശ്രീഹരി ഇന്ദു കലാധരൻ, സ്മിത ദാമോദരൻ നായർ എന്നിവർ ഹാജരായി.
എന്തിനാണ് മോഹൻലാലിന്റെ ചിത്രം അനുവാദം ഇല്ലാതെ ഉപയോഗിച്ചത് എന്ന് ഓൺലൈൻ ഇകോമേഴ്സ് സ്ഥാപനത്തോട് കോടതി ചോദിച്ചു. അനധികൃതമായി ഉപയോഗിച്ചത് മാറ്റുമെന്ന് ഓൺലൈൻ സ്ഥാപനം മറുപടി നൽകി. വ്യക്തി അവകാശത്തെ ലംഘിച്ച ലിങ്കുകൾ മാറ്റിയതിൽ റിപ്പോർട്ട് നൽകാൻ എതിർക്ഷികൾക്ക് കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇന്ന് നാലരയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. കേസ് ജൂലായ് നാലിന് വീണ്ടും പരിഗണിക്കും.
Photo Courtesy: Google/ images are subject to copyright

