ഗൾഫ് രാജ്യങ്ങളിൽ ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണം; അബുദാബിയിൽ 5 ഇന്ത്യക്കാർക്ക് പരിക്ക്
ഗൾഫ് മേഖലയെ നടുക്കി വിവിധ രാജ്യങ്ങളിൽ ഇറാന്റെ ശക്തമായ മിസൈൽ – ഡ്രോൺ ആക്രമണം. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അബുദാബിയിലെ കെസാദ് (KIZAD) സാമ്പത്തിക മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം.
ഒമാനിലെ സലാല തുറമുഖത്തിനു നേരെയും ഡ്രോൺ ആക്രമണമുണ്ടായി. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ ക്രെയിൻ തകർന്നുവീണ് തൊഴിലാളിക്ക് പരിക്കേറ്റു. സലാല തുറമുഖം താൽക്കാലികമായി അടച്ചു. അതേസമയം, സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ 12 യുഎസ് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്നതിനാൽ ഗൾഫ് രാജ്യങ്ങൾ സുരക്ഷാ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം എംബസികളുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്.
ഇറാനിലെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് ഗൾഫ് മേഖലയിലേക്കുള്ള ആക്രമണം ഇറാൻ കൂടുതൽ ശക്തമാക്കിയത്.
Photo Courtesy: Google/ images are subject to copyright

