സഞ്ജുവിന്റേത് അസാമാന്യ പ്രകടനം’; ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ഷാഹിദ് അഫ്രീദി
ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഇന്ത്യ മികച്ച ടീം കോമ്പിനേഷൻ ഉള്ള സംഘമാണെന്നും പകരക്കാരുടെ ബെഞ്ച് പോലും അത്രമേൽ ശക്തമായിരുന്നുവെന്നും അഫ്രീദി പറഞ്ഞു. മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനവും അദ്ദേഹം പ്രത്യേകിച്ച് പ്രശംസിച്ചു.
ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് കീഴടക്കിയാണ് ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റുടനീളം ഇന്ത്യ ചാമ്പ്യന്മാരെപ്പോലെ കളിച്ചുവെന്നും ബെഞ്ചിലിരുന്ന കളിക്കാരും കളിക്കുന്ന പതിനൊന്നുപേരെപ്പോലെ ശക്തരായിരുന്നുവെന്നും അഫ്രീദി എക്സ് അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
സഞ്ജു സാംസൺ അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചതെന്നും ലഭിച്ച അവസരങ്ങൾ മികച്ച രീതിയിൽ ഉപയോഗിച്ച് ഇന്നിങ്സ് കെട്ടിപ്പടുത്തുവെന്നും അഫ്രീദി പറഞ്ഞു. അഭിഷേക് ശർമയും ഇഷാൻ കിഷനും മികച്ച പ്രകടനം പുറത്തെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജസ്പ്രീത് ബുംറ ഇന്ത്യയുടെ ബൗളിങ് നിരയുടെ നട്ടെല്ലാണെന്നും ഏറെക്കാലമായി മികച്ച പ്രകടനങ്ങളിലൂടെ ടീമിനെ താങ്ങുന്ന താരമാണെന്നും അഫ്രീദി പറഞ്ഞു.
ടൂർണമെന്റിൽ അഞ്ച് മത്സരങ്ങളിൽ മൂന്ന് അർധസെഞ്ചുറിയോടെ 321 റൺസാണ് സഞ്ജു നേടിയത്. 80.25 ബാറ്റിങ് ശരാശരിയും 199.37 പ്രഹരശേഷിയുമുള്ള ഈ പ്രകടനമാണ് സഞ്ജുവിനെ ടൂർണമെന്റിലെ താരമാക്കിയത്.
ഫൈനലിൽ 46 പന്തിൽ 89 റൺസെടുത്ത സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ടി20 ലോകകപ്പ് ഫൈനലിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോറെന്ന റെക്കോഡും ഇതോടെ സഞ്ജു സ്വന്തമാക്കി. മുൻപ് വെസ്റ്റിൻഡീസിന്റെ മർലോൺ സാമുവൽസ് (85)യും കെയ്ൻ വില്യംസൻ (85)യും നേടിയ റെക്കോഡുകളാണ് സഞ്ജു മറികടന്നത്.
Photo Courtesy: Google/ images are subject to copyright

