വേനൽക്കാല ചർമ്മസംരക്ഷണം: ആരോഗ്യവും സൗന്ദര്യവും കൈവിടാതെ

വേനൽക്കാല ചർമ്മസംരക്ഷണം: ആരോഗ്യവും സൗന്ദര്യവും കൈവിടാതെ

വേനൽക്കാലം പലർക്കും അവധിയും ആഘോഷങ്ങളും സമ്മാനിക്കുന്ന കാലമാണ്. എന്നാൽ അതേ സമയം ശക്തമായ സൂര്യപ്രകാശം, കൂടിയ താപനില, ഈർപ്പം, പൊടി, മലിനീകരണം മുതലായവ ശരീരാരോഗ്യത്തെ പോലെ തന്നെ ചർമ്മത്തെയും ഗൗരവമായി ബാധിക്കുന്നു. ചർമ്മം കരുവാളിക്കുക, വരൾച്ച, ചൊറിച്ചിൽ, ചുളിവുകൾ, മുഖക്കുരു എന്നിവ സാധാരണ പ്രശ്നങ്ങളാണ്. അതുകൊണ്ട് വേനൽക്കാലത്ത് ചർമ്മസംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. വേനൽക്കാലത്ത് ശരിയായ ശീലങ്ങളും ശാസ്ത്രീയമായ പരിചരണവും പിന്തുടർന്നാൽ ചർമ്മത്തിന്റെ സ്വാഭാവിക തിളക്കവും ആരോഗ്യവും സംരക്ഷിക്കാൻ കഴിയും.

1. സൂര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണം

വേനൽക്കാലത്ത് സൂര്യകിരണങ്ങളിലെ അൾട്രാവയലറ്റ് (UV) രശ്മികൾ ചർമ്മത്തെ ദോഷകരമായി ബാധിക്കും. ഇത് ടാനിംഗ് (ചർമ്മം കരുവാളിക്കൽ), സൂര്യാഘാതം, പിഗ്മെന്റേഷൻ എന്നിവയ്ക്ക് കാരണമാകുന്നു. ഇതിന് പരിഹാരമായി പുറത്തേയ്ക്കിറങ്ങുമ്പോൾ SPF +++30 അല്ലെങ്കിൽ അതിലധികമുള്ള സൺസ്ക്രീൻ പുറത്തിറങ്ങുന്നതിന് 20 മിനിറ്റ് മുൻപ് പുരട്ടുക; രണ്ട് മണിക്കൂറിന് ശേഷം വീണ്ടും ഉപയോഗിക്കുക. രാവിലെ 10 മണി മുതൽ വൈകിട്ട് 4 വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കുക. കുട, ക്യാപ്, സൺഗ്ലാസ് തുടങ്ങിയ സംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിക്കുക.

2. ശരീരത്തിൽ ജലാംശം നിലനിർത്തുക

വേനൽക്കാലത്ത് വിയർപ്പിലൂടെ ശരീരത്തിൽ നിന്ന് ജലക്ഷയം സംഭവിക്കുന്നു. ഇത് ചർമ്മം വരണ്ടതും ക്ഷീണിതമായും കാണപ്പെടാൻ കാരണമാകുന്നു. ദിവസത്തിൽ കുറഞ്ഞത് 8–10 ഗ്ലാസ് വെള്ളം കുടിക്കുക. തണ്ണിമത്തൻ, വെള്ളരിക്ക, മുന്തിരി, നാരങ്ങ വെള്ളം പോലുള്ള ജലസമൃദ്ധമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ചർമ്മത്തിൽ ഓയിൽ-ഫ്രീ മോയ്സ്ചറൈസർ ഉപയോഗിക്കുക.

3. ചർമ്മം ശുദ്ധമായി സൂക്ഷിക്കുക

അന്തരീക്ഷത്തിൽ ചൂട് കൂടുമ്പോൾ വിയർപ്പ് കൂടുകയും ചർമ്മത്തിലെ എണ്ണമയം വർദ്ധിക്കുകയും ചെയ്യും.
ദിവസത്തിൽ രണ്ടുതവണ മൃദുവായ ഫേസ് വാഷ് ഉപയോഗിക്കുക. കൂടുതൽ വിയർപ്പുണ്ടെങ്കിൽ, ശുദ്ധജലം ഉപയോഗിച്ച് മുഖം കഴുകുന്നത് നല്ലതാണ്. എന്നിരുന്നാലും അധികമായി മുഖം കഴുകുന്നത് ഒഴിവാക്കുക, കാരണം ചർമ്മത്തിലെ സ്വാഭാവിക എണ്ണ നീക്കം ചെയ്ത് ചർമ്മം വരളുന്നതിന് ഇടയാക്കും.

4. ലഘുവായ മേക്കപ്പ്

വേനൽക്കാലത്ത് മിതമായി മേക്കപ്പ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മേക്കപ്പിനായി ലൈറ്റ് വെയിറ്റ്, വാട്ടർ-ബേസ്ഡ് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക. മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങുന്നത് ചർമ്മപ്രശ്നങ്ങൾക്ക് വഴിവയ്ക്കും.

5. ആരോഗ്യകരമായ ഭക്ഷണശീലം

ചർമ്മത്തിന്റെ ആരോഗ്യത്തിൽ ഭക്ഷണവും ജീവിതശൈലിയും നിർണായക പങ്ക് വഹിക്കുന്നു. വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
എണ്ണയിൽ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുക. ഇത് ചർമ്മത്തിലെ എണ്ണമയം നിയന്ത്രിക്കാൻ സഹായിക്കും. മതിയായ ഉറക്കം ഉറപ്പാക്കുക. ഒപ്പംതന്നെ മാനസിക സമ്മർദം നിയന്ത്രിക്കുക.

6. പ്രകൃതിദത്ത പരിചരണം
വേനൽക്കാലത്ത് ചർമ്മസംരക്ഷണത്തിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പാർശ്വഫലങ്ങൾ ഒഴിവാക്കാൻ സഹായിക്കും. കറ്റാർവാഴ ജെൽ സൺബേൺ ശമിപ്പിക്കുന്നു.

 

തൈര്, തേൻ, മഞ്ഞൾ എന്നിവ കൊണ്ടുള്ള ഫേസ്പാക്കുകൾ ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം വർദ്ധിപ്പിക്കുകയും പിഗ്മെന്റേഷൻ കുറയ്ക്കുകയും ചെയ്യുന്നു. റോസ് വാട്ടർ നല്ലൊരു ടോണറായി പ്രവർത്തിക്കുന്നു.
ആരോഗ്യകരമായ ഭക്ഷണം, ലളിതമായ ശുചിത്വശീലങ്ങൾ എന്നിവ ചൂടുകാലത്തും ചർമ്മത്തിന്റെ ആരോഗ്യം, സൗന്ദര്യം, ആത്മവിശ്വാസം എന്നിവ കൈവിടാതെ നിലനിർത്താൻ സഹായിക്കും.

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.