സഞ്ജു സാംസൺ ഐസിസി പ്ലെയർ ഓഫ് ദ് മന്ത്; ലോകകപ്പിലെ മിന്നും പ്രകടനത്തിന് അംഗീകാരം
ഐപിഎൽ അരങ്ങേറ്റത്തിന്റെ പതിമൂന്നാം വാർഷിക ദിനത്തിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ തേടി ഐസിസിയുടെ ലോകോത്തര പുരസ്കാരം. മാർച്ചിലെ ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരത്തിനാണ് സഞ്ജു അർഹനായത്. ട്വന്റി20 ലോകകപ്പിലെ ഐതിഹാസിക പ്രകടനമാണ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇതാദ്യമായാണ് സഞ്ജു സാംസൺ ഒരു ഐസിസി പുരസ്കാരം സ്വന്തമാക്കുന്നത്. അവസാന പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയെ പിന്തള്ളിയാണ് സഞ്ജു ഈ നേട്ടം കരസ്ഥമാക്കിയത്. വനിതാ വിഭാഗത്തിൽ ന്യൂസീലൻഡ് ഓൾറൗണ്ടർ മെലി കെർ പുരസ്കാരം നേടി.
തന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ ഘട്ടത്തിൽ ലഭിച്ച ഈ പുരസ്കാരം അവിശ്വസനീയമായ വികാരമാണെന്ന് സഞ്ജു പ്രതികരിച്ചു. ഇന്ത്യ ലോകകപ്പ് കിരീടം നേടുമ്പോൾ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞത് സ്വപ്നസാക്ഷാത്കാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ അവസരം ലഭിക്കാതിരുന്നിട്ടും നിർണ്ണായക മത്സരങ്ങളിൽ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിക്കുന്നതിൽ സഞ്ജു നിർണ്ണായക പങ്കുവഹിച്ചിരുന്നു. സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ നേടിയ 97 റൺസും സെമിയിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 89 റൺസും ഫൈനലിൽ ന്യൂസീലൻഡിനെതിരെ നേടിയ 89 റൺസും സഞ്ജുവിനെ ലോകകപ്പിലെ പ്ലെയർ ഓഫ് ദ് ടൂർണമെന്റ് പുരസ്കാരത്തിനും അർഹനാക്കിയിരുന്നു.
നിലവിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുന്ന സഞ്ജു ഐപിഎലിലും മിന്നും ഫോമിലാണ്. കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയ താരം ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കളത്തിലിറങ്ങുകയാണ്. 2013 ഏപ്രിൽ 14-ന് രാജസ്ഥാൻ റോയൽസിനായി അരങ്ങേറിയ സഞ്ജു ഇന്ന് ഐപിഎൽ കരിയറിലെ പതിമൂന്ന് വർഷം തികയ്ക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ലോകകപ്പിലെ ഹീറോയ്ക്ക് ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരം ലഭിച്ചത് ഇന്ത്യൻ ആരാധകർക്കും വലിയ ആവേശമാണ് പകർന്നിരിക്കുന്നത്.

