ബംഗാളിൽ ബിജെപിയുടെ വൻ വാഗ്ദാനങ്ങൾ; അധികാരത്തിലെത്തിയാൽ ഏക സിവിൽ കോഡ്, സ്ത്രീകൾക്കും യുവാക്കൾക്കും 3000 രൂപ വീതം
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തിന്റെ വികസനവും സുരക്ഷയും ലക്ഷ്യമിട്ടുള്ള ബിജെപിയുടെ പ്രകടന പത്രിക (സങ്കൽപ് പത്ര) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കി. നുഴഞ്ഞുകയറ്റം തടയുന്നതിനായി ‘സീറോ ടോളറൻസ്’ നയം സ്വീകരിക്കുമെന്നും അധികാരത്തിൽ എത്തി ആറ് മാസത്തിനുള്ളിൽ ഏക സിവിൽ കോഡ് (UCC) നടപ്പിലാക്കുമെന്നതുമാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ. കഴിഞ്ഞ 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണം ബംഗാളിനെ സംബന്ധിച്ചിടത്തോളം ഒരു ‘ദുസ്വപ്നം’ ആയിരുന്നുവെന്ന് അമിത് ഷാ വിമർശിച്ചു.
സ്ത്രീ ശാക്തീകരണത്തിനും യുവാക്കളുടെ ക്ഷേമത്തിനും മുൻഗണന നൽകുന്ന വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ബിജെപി അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ ധനസഹായം നൽകുമെന്നും സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ, സംസ്ഥാനത്തെ തൊഴിലില്ലാത്ത ബിരുദധാരികളായ യുവാക്കൾക്ക് ജോലിക്ക് തയ്യാറെടുക്കുന്നതിനായി പ്രതിമാസം 3000 രൂപ വേതനവും അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. തൃണമൂൽ സർക്കാരിന്റെ അഴിമതികൾ തുറന്നുകാട്ടാൻ ധവളപത്രം പുറത്തിറക്കുമെന്നും 45 ദിവസത്തിനുള്ളിൽ ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമെന്നും ബിജെപി ഉറപ്പുനൽകുന്നു.
Photo Courtesy: Google/ images are subject to copyright

