പോലീസ് സ്റ്റേഷനുകളിലെ സിസിടിവി സംവിധാനം: സർക്കാരിനും പോലിസിനും സുപ്രീം കോടതിയുടെ പ്രശംസ 

പോലീസ് സ്റ്റേഷനുകളിലെ സിസിടിവി സംവിധാനം: സർക്കാരിനും പോലിസിനും സുപ്രീം കോടതിയുടെ പ്രശംസ 

രാജ്യത്തെ പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ സുപ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ കേരളം കൈവരിച്ച നേട്ടത്തെ കോടതി പ്രശംസിച്ചു. എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി സംവിധാനം നിർബന്ധമാക്കണമെന്ന 2018-ലെ വിധി നടപ്പിലാക്കുന്നത് നിരീക്ഷിക്കാനായി സ്വമേധയാ എടുത്ത കേസ് (Suo motu case) പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേരളത്തെ അഭിനന്ദിച്ചത്. രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത് കേരളത്തിലാണെന്ന് കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സിദ്ധാർത്ഥ് ഡേവ് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.

ജാർഖണ്ഡ് അടക്കമുള്ള പല സംസ്ഥാനങ്ങളും ഈ സംവിധാനം നടപ്പിലാക്കുന്നതിൽ ഏറെ പിന്നിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേരള പോലീസിനെയും നിർദേശം നടപ്പിലാക്കിയ കേരള സർക്കാരിനേയും  അഭിനന്ദിച്ചു. 2020-ൽ രാജസ്ഥാനിൽ എട്ട് മാസത്തിനുള്ളിൽ 11 കസ്റ്റഡി മരണങ്ങൾ നടന്നുവെന്ന മാധ്യമ റിപ്പോർട്ടുകളെത്തുടർന്നാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് സ്വമേധയാ കേസെടുത്തത്.  

കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ശൃംഖലയും അത് നിരീക്ഷിക്കാനുള്ള കേന്ദ്രീകൃത സംവിധാനവും മികച്ചതാണെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. കേരളം നടപ്പിലാക്കിയ ഈ മാതൃക എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങൾക്കും പിന്തുടർന്നു കൂടാ എന്ന് കോടതി ആരാഞ്ഞു. സിസിടിവി സംവിധാനങ്ങൾ ഏകീകരിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ഒരു ‘സെൻട്രലൈസ്ഡ് ഡാഷ്‌ബോർഡ്’ (Centralized Dashboard) തയ്യാറാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ വരുംദിവസങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ മാതൃക ഇതിനായി അടിസ്ഥാനമാക്കാവുന്നതാണെന്നും കോടതി സൂചിപ്പിച്ചു.

കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും നിലവിൽ ക്യാമറ സൗകര്യമുണ്ടെന്നും ഏതൊരു ഉദ്യോഗസ്ഥനും ഫോണിലൂടെ ലോഗിൻ ചെയ്ത് തൽസമയ ദൃശ്യങ്ങൾ കാണാൻ സാധിക്കുമെന്നും നിരീക്ഷിച്ചു. കേരളത്തെ മാതൃകയാക്കി എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങൾക്കും ഈ സംവിധാനം നടപ്പിലാക്കിക്കൂടാ എന്നും കോടതി ചോദിച്ചു. 

പോലീസ് സ്റ്റേഷനുകളിൽ മനുഷ്യാവകാശ ലംഘനങ്ങളും കസ്റ്റഡി മരണങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ സ്റ്റേഷനുകളിലും നൈറ്റ് വിഷൻ സൗകര്യമുള്ളതും ശബ്ദം റെക്കോർഡ് ചെയ്യാവുന്നതുമായ ക്യാമറകൾ സ്ഥാപിക്കാൻ കോടതി നേരത്തെ ഉത്തരവിട്ടത്. ലോക്കപ്പുകൾ, പ്രവേശന കവാടങ്ങൾ, കോറിഡോറുകൾ തുടങ്ങി സ്റ്റേഷന്റെ എല്ലാ ഭാഗങ്ങളും ക്യാമറ പരിധിയിൽ വരണമെന്നും ഒരു വർഷത്തെ ദൃശ്യങ്ങൾ ശേഖരിക്കാൻ ശേഷിയുള്ള സംവിധാനം വേണമെന്നും കർശന നിർദ്ദേശമുണ്ട്. ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പല സംസ്ഥാനങ്ങളും പിന്നിലാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കേരളത്തിന്റെ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. 

 

 

 

 

 

 

 

Photo Courtesy: Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.