ജനങ്ങൾക്ക് മുന്നിൽ വികസനത്തിന്റെ കണക്കുമായി മുഖ്യമന്ത്രി; കഴിഞ്ഞ പത്തു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി
എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ പത്തു വർഷത്തെ വികസന നേട്ടങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. സർക്കാരെന്ന നിലയിൽ പ്രവർത്തനങ്ങളുടെ കണക്ക് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്നത് വലിയൊരു ഉത്തരവാദിത്തമാണെന്ന് റിപ്പോർട്ട് സമർപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് എന്ന നിലയിലാണ് ഈ റിപ്പോർട്ട് അവതരിപ്പിക്കുന്നതെന്നും, കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തന പുരോഗതിയും ഇതിൽ പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ എത്രത്തോളം നടപ്പിലാക്കി എന്ന് പരിശോധിക്കാനുള്ള അവസരമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 2021-ലെ പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞുവെന്നും, ബാക്കിയുള്ളവ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടുഘട്ടങ്ങളിലായി നൽകിയ വാഗ്ദാനങ്ങളുടെ പുരോഗതി മുഖ്യമന്ത്രി വിശദീകരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണം, ആരോഗ്യമേഖലയിലെ മുന്നേറ്റം, ലൈഫ് മിഷനിലൂടെയുള്ള ഭവന നിർമ്മാണം തുടങ്ങിയവ റിപ്പോർട്ടിലെ പ്രധാന നേട്ടങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാരിന് സാധിച്ചുവെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. ദേശീയപാത വികസനം, ഗെയിൽ പൈപ്പ്‌ലൈൻ, കെ-ഫോൺ തുടങ്ങിയ വൻകിട പദ്ധതികളുടെ പൂർത്തീകരണവും പുരോഗതിയും പ്രോഗ്രസ് റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. പ്രതിസന്ധികളെ അതിജീവിച്ച് നാടിനെ വികസനത്തിന്റെ പുതിയ പാതയിലേക്ക് നയിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും ഇത് ജനങ്ങൾ വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ പ്രധാന നേട്ടമായി ലൈഫ് പദ്ധതി വഴി അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി 20 ലക്ഷം ഗുണഭോക്താക്കൾക്ക് നൽകിയ കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. കൂടാതെ മത്സ്യത്തൊഴിലാളികൾക്കായി 2752 വീടുകളും 738 ഫ്ലാറ്റുകളും കൈമാറി. ഭൂമിയുടെ പട്ടയം ലഭിക്കാത്ത 4,56,689 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ സാധിച്ചു. അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലൂടെ സംസ്ഥാനത്തെ 64,006 കുടുംബങ്ങളെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാൻ സാധിച്ചു. ക്ഷേമ പെൻഷനുകളുടെ കാര്യക്ഷമമായ വിതരണം, കാർഷിക-വ്യവസായ മേഖലകളിലെ ഉണർവ് എന്നിവയും റിപ്പോർട്ടിലെ സവിശേഷതകളാണ്. വാഗ്ദാനങ്ങൾ പാലിക്കാനുള്ളതാണെന്നും അത് കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്ന് ജനങ്ങൾക്ക് ഈ റിപ്പോർട്ടിലൂടെ ബോധ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ പ്രക്രിയയിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനാണ് ഓരോ വർഷവും ഇത്തരം പ്രോഗ്രസ് റിപ്പോർട്ടുകൾ പുറത്തിറക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Photo Courtesy: Google/ images are subject to copyright

