ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; അഞ്ച് വര്‍ഷത്തിനുള്ളില്‍ വ്യാപാരം ഇരട്ടിയാക്കാന്‍ ലക്ഷ്യം
ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ബിസിനസ് ഫോറം യോഗത്തിന് ശേഷമായിരിക്കും കരാര്‍ ഒപ്പിടൽ ചടങ്ങ് നടക്കുക.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 500 കോടി ഡോളറായി (ഏകദേശം 42,000 കോടി രൂപ) ഉയർത്തുക എന്നതാണ് ഈ കരാറിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവിലെ വ്യാപാരത്തിന്റെ ഇരട്ടിയാണിത്. കൂടാതെ, വരാനിരിക്കുന്ന 15 വര്‍ഷത്തിനുള്ളില്‍ 2,000 കോടി ഡോളറിന്റെ വന്‍തോതിലുള്ള നിക്ഷേപം ഇന്ത്യയിലേക്ക് ഒഴുകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. സാമ്പത്തിക രംഗത്തും വ്യാവസായിക മേഖലയിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഈ സഹകരണം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Photo Courtesy: Google/ images are subject to copyright

