ജപ്പാനെ വിറപ്പിച്ചു വൻ ഭൂകമ്പം: റിക്ടർ സ്കെയിലിൽ 7.5 തീവ്രത; ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്
വടക്കൻ ജപ്പാനിൽ റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ തീരപ്രദേശങ്ങളിൽ അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൂന്ന് മീറ്റർ (10 അടി) വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ തീരത്ത് ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി (JMA) മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നരം 4.53-ഓടെയാണ് ഭൂചലനം ഉണ്ടായത്. വടക്കൻ ഇവേറ്റ് പ്രിഫെക്ചറിനടുത്തുള്ള പസഫിക് സമുദ്രത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രഭവകേന്ദ്രത്തിൽ നിന്നും നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള തലസ്ഥാനമായ ടോക്കിയോയിലെ വൻകിട കെട്ടിടങ്ങൾ വരെ കുലുങ്ങാൻ തക്ക ശക്തമായിരുന്നു ഈ ഭൂചലനം. ആദ്യഘട്ട സുനാമി തിരമാലകൾ ഉടൻ തന്നെ വടക്കൻ തീരത്ത് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തീരപ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്ന ജനങ്ങൾ അടിയന്തരമായി ഉയർന്ന പ്രദേശങ്ങളിലേക്കോ സുരക്ഷിതമായ കെട്ടിടങ്ങളിലേക്കോ മാറണമെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സുനാമി തിരമാലകൾ ആവർത്തിച്ച് ആഞ്ഞടിക്കാൻ സാധ്യതയുള്ളതിനാൽ, ഔദ്യോഗികമായ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ആരും സുരക്ഷിത സ്ഥാനങ്ങളിൽ നിന്ന് പുറത്തിറങ്ങരുതെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു.
നിലവിൽ നാശനഷ്ടങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. സൈന്യവും ദുരന്തനിവാരണ സേനയും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. ജപ്പാനിലെ പ്രധാന ആണവനിലയങ്ങളുടെ സുരക്ഷാ പരിശോധനയും അധികൃതർ ആരംഭിച്ചിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ പാലിക്കണമെന്നും ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Photo Courtesy: Google/ images are subject to copyright

