കേരളത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു: പോളിങ് 6.71 ശതമാനം കടന്നു; ബൂത്തുകളിൽ നീണ്ട ക്യൂ, ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖർ
വാശിയേറിയ പ്രചാരണങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും വിരാമമിട്ട് കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തിന്റെ ഭാവി നിർണ്ണയിക്കുന്ന പതിനാറാം നിയമസഭാ തിരഞ്ഞെടുപ്പിനായി രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടർമാരാണ് വിധിയെഴുതാൻ ഒരുങ്ങുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറ് വരെ നീണ്ടുനിൽക്കും. ഭരണത്തുടർച്ചയിലൂടെ ചരിത്രം ആവർത്തിക്കാൻ എൽ.ഡി.എഫും, അധികാരം തിരിച്ചുപിടിക്കാൻ യു.ഡി.എഫും, പോരാട്ടവീര്യം ഉയർത്തി എൻ.ഡി.എയും കളം നിറഞ്ഞതോടെ സംസ്ഥാനം മുമ്പെങ്ങുമില്ലാത്ത വിധം രാഷ്ട്രീയ ചൂടിലാണ്.
ആകെ 883 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്.സുഗമമായ വോട്ടെടുപ്പിനായി സംസ്ഥാനത്തുടനീളം 30,495 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ 2040 ബൂത്തുകളെ പ്രശ്നബാധിതമായി അടയാളപ്പെടുത്തിയിട്ടുള്ളതിനാൽ അതീവ സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.
160 കമ്പനി കേന്ദ്രസേനയ്‌ക്കൊപ്പം കേരള പൊലീസും സ്പെഷ്യൽ പൊലീസും ഉൾപ്പെടെ 76,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ 1.46 ലക്ഷം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെടുപ്പ് നടപടികൾ നിയന്ത്രിക്കും. ഏപ്രിൽ ഒൻപതിന് നടക്കുന്ന ഈ മഹാമാമാങ്കത്തിന്റെ ഫലപ്രഖ്യാപനം മെയ് നാലിന് നടക്കും. വോട്ടർമാർ കൃത്യസമയത്ത് തന്നെ ബൂത്തിലെത്തി തങ്ങളുടെ ജനാധിപത്യപരമായ അവകാശം വിനിയോഗിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
Photo Courtesy: Google/ images are subject to copyright

