ബിജെപി ബന്ധത്തിൽ പ്രതിഷേധം: ട്വന്റി-20യിൽ പൊട്ടിത്തെറി; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
നിയമസഭാ വോട്ടെടുപ്പ് അടുത്തിരിക്കെ ട്വന്റി-20യിൽ നാടകീയ നീക്കങ്ങൾ. പാർട്ടിയുടെ ബിജെപി ബന്ധത്തിൽ പ്രതിഷേധിച്ച് പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ സ്ഥാനം രാജിവച്ചു. ട്വന്റി-20യുടെ എൻഡിഎ പ്രവേശനം മതേതര നിലപാടുകൾക്ക് വിരുദ്ധമാണെന്നും പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബ് തന്നെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് രാജി.
ബിജെപി സഖ്യത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചപ്പോൾ സാബു എം. ജേക്കബ് തന്നെ ഭീഷണിപ്പെടുത്തിയതായി പൂജ ജോമോൻ മാധ്യമങ്ങളോട് പറഞ്ഞു. “നേരത്തെ രാജിവച്ച പഞ്ചായത്ത് അംഗം സ്കൂൾ ബസ് ഇടിച്ച് പരിക്കേൽക്കാതെ മരിച്ചു എന്നും, അത്തരമൊരു വിധി നിങ്ങൾക്ക് വരാതിരിക്കട്ടെ എന്നും പറഞ്ഞ് അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തി,” പൂജ വെളിപ്പെടുത്തി.
പൂജ ജോമോന്റെ രാജിയോടെ പൂതൃക്ക പഞ്ചായത്തിലെ ട്വന്റി-20 ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ്. യുഡിഎഫിനും ട്വന്റി-20ക്കും ഏഴ് വീതം അംഗങ്ങളുണ്ടായിരുന്ന പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയായിരുന്നു ട്വന്റി-20 ഭരണം പിടിച്ചത്. പ്രസിഡന്റ് സ്ഥാനത്തുനിന്നും പാർട്ടിയിൽ നിന്നും പൂജ പടിയിറങ്ങുന്നതോടെ നറുക്കെടുപ്പിലൂടെ കിട്ടിയ അധികാരം നിലനിർത്തുക എന്നത് കുന്നത്തുനാട് കേന്ദ്രീകരിച്ചുള്ള കിഴക്കമ്പലം മോഡൽ രാഷ്ട്രീയത്തിന് വെല്ലുവിളിയാകും.
നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഭരണസമിതി അധ്യക്ഷ തന്നെ പരസ്യമായി കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത് ട്വന്റി-20ക്ക് കനത്ത തിരിച്ചടിയായി. ബിജെപി സഖ്യത്തിൽ പ്രതിഷേധിച്ച് ഇതിനോടകം തന്നെ ഏതാനും പ്രാദേശിക നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ടിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിടുമെന്ന സൂചനകളാണ് പൂതൃക്കയിൽ നിന്ന് വരുന്നത്. വിവാദങ്ങളോട് ട്വന്റി-20 നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Photo Courtesy: Google/ images are subject to copyright

