ഡോക്‌ല
ഗുജറാത്തി വിഭവങ്ങളിൽ ഏറ്റവും ജനപ്രിയമായ ഒന്നാണ് ഡോക്‌ല. കടലമാവ് ഉപയോഗിച്ച് ആവിയിൽ വേവിച്ചെടുക്കുന്ന ഈ വിഭവം വളരെ മൃദുവും രുചികരവുമാണ്. എണ്ണ വളരെ കുറച്ചുമാത്രം ഉപയോഗിക്കുന്നത് കൊണ്ട് ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ബ്രേക്ക്‌ഫാസ്റ്റായും നാലുമണി പലഹാരമായും നമുക്കിത് കഴിക്കാം. വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ വെച്ച് എളുപ്പത്തിൽ ഡോക്‌ല എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
കടലമാവ് – ഒരു കപ്പ്
റവ – രണ്ട് ടേബിൾസ്പൂൺ
തൈര് – അരക്കപ്പ്
വെള്ളം – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഇഞ്ചി-പച്ചമുളക് പേസ്റ്റ് – ഒരു ടീസ്പൂൺ
നാരങ്ങ നീര് – ഒരു ടേബിൾസ്പൂൺ
ബേക്കിംഗ് സോഡ – ഒരു ടീസ്പൂൺ
എണ്ണ – രണ്ട് ടേബിൾസ്പൂൺ
കടുക് – ഒരു ടീസ്പൂൺ
പച്ചമുളക് – മൂന്നെണ്ണം
കറിവേപ്പില – ഒരു തണ്ട്
വെള്ളം – അരക്കപ്പ്
പഞ്ചസാര – ഒരു ടീസ്പൂൺ
മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ കടലമാവ്, റവ, തൈര്, ഇഞ്ചി-പച്ചമുളക് പേസ്റ്റ്, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ദോശമാവിന്റെ അയവിൽ കലക്കി പതിനഞ്ചുമിനിറ്റ് വയ്ക്കുക. ശേഷം ഈ മാവിലേക്ക് ബേക്കിംഗ് സോഡ ചേർത്തിളക്കി എണ്ണമയം പുരട്ടിയ പാത്രത്തിലൊഴിച്ച് ആവിയിൽ ഇരുപത്തുമിനിറ്റ് വേവിച്ചെടുക്കുക. തണുത്തതിനുശേഷം കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഒരു പാനിൽ രണ്ട് ടേബിൾസ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് അറ്റം കീറിയ പച്ചമുളകും കറിവേപ്പിലയും ചേർത്തു വഴറ്റുക.ഇതിലേക്ക് അരക്കപ്പ് വെള്ളത്തിൽ പഞ്ചസാരയും നാരങ്ങാനീരും ചേർത്ത് തിളപ്പിക്കുക. ഈ താളിപ്പ് തയ്യാറാക്കിവച്ചിരിക്കുന്ന ഡോക്ലയുടെ മുകളിലേക്ക് ഒഴിക്കുക. ചെറുതായി നുറുക്കിയ മല്ലിയില കൊണ്ട് അലങ്കരിക്കുക. രുചികരമായ ഡോക്‌ല തയ്യാർ.
