വേനൽക്കാല ചർമ്മസംരക്ഷണം
ചർമ്മസംരക്ഷണത്തിന് ഏറ്റവും കൂടുതൽ ശ്രദ്ധയും കരുതലും നൽകേണ്ട സമയമാണ് വേനൽക്കാലം.
മലിനീകരണവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നഷ്ടമാകുവാൻ കാരണമാകുകയും, ഇത് ചർമ്മത്തെ എണ്ണമയമുള്ളതും മങ്ങിയതും അഴുക്ക് നിറഞ്ഞതുമാക്കി മാറ്റുന്നു. ഇത് പലപ്പോഴും ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കുകയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ശക്തമായ സൂര്യപ്രകാശം ടാനിംഗ് വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ നിറം മങ്ങാനും കാരണമാകും. ഇക്കാരണത്താൽ തന്നെ ചർമ്മസംരക്ഷണത്തിന് രാസവസ്തുക്കളടങ്ങിയ ചർമ്മസംരക്ഷണോപാധികൾ ഉപയോഗിക്കുന്നതിനേക്കാൾ പ്രകൃതിദത്തമാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പാർശ്വഫലങ്ങൾ കുറയ്ക്കുകയും ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
വേനൽക്കാലചർമ്മസംരക്ഷണത്തിനുതകുന്ന വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഫേസ് പാക്കുകൾ എന്തെല്ലാമെന്ന് നോക്കാം
തൈരും തേനും
ചർമ്മത്തിന്റെ ഈർപ്പം നിലനിർത്തി തണുപ്പ് പ്രദാനം ചെയ്യാൻ തൈര് നല്ലതാണ്. രണ്ട് സ്പൂൺ തൈരിൽ ഒരു സ്പൂൺ തേൻ ചേർത്ത് നല്ലവണ്ണം യോജിപ്പിക്കുക. ശേഷം മുഖത്ത് തേച്ചുപിടിപ്പിക്കുക. പതിനഞ്ചുമിനിറ്റുകൾക്ക് ശേഷം കഴുകിക്കളയുക. ഇത് ചർമ്മത്തിലെ ടാൻ കുറയ്ക്കാൻ സഹായിക്കും. സാധാരണ ചർമ്മം ഉള്ളവർക്കും വരണ്ട ചർമ്മം ഉള്ളവർക്കും ഈ പാക് അനുയോജ്യമാണ്.
മുൾട്ടാണി മിട്ടി – പനിനീര്
എണ്ണമയമുള്ള ചർമ്മത്തിന് ഏറെ അനുയോജ്യമായൊരു ഫേസ്പാക്കാണിത്. ഒരു സ്പൂൺ മുൾട്ടാണി മിട്ടിയിൽ ആവശ്യത്തിന് പനിനീര് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി പൂർണ്ണമായും ഉണങ്ങുന്നതിനുമുൻപ് കഴുകി കളയുക. ഇത് ചർമ്മത്തിലെ എണ്ണമയം കളയാൻ സഹായിക്കുന്നു.
കടലമാവ്, മഞ്ഞൾ, പാൽ
കരിവാളിപ്പകറ്റി ചർമ്മത്തിന് സ്വാഭാവിക നിറം നല്കാൻ ഈ പാക് സഹായിക്കുന്നു. ഒരു സ്പൂൺ കടലമാവിൽ ഒരു നുള്ള്
മഞ്ഞൾപ്പൊടിയും ആവശ്യത്തിന് പാലും ചേർത്ത് കുഴമ്പുരൂപത്തിലാക്കുക. ഇത് മുഖത്തും കഴുത്തിലും കൈകളിലും പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയുക. പാലിന് പകരം തൈര് ചേർത്തും പാക്ക് ഉണ്ടാക്കാം.
വെള്ളരി, കറ്റാർവാഴ
ചൂടേറ്റ് തളർന്ന ചർമ്മത്തിന് ഏറ്റവും അനുയോജ്യമായ ഒരു പാക്കാണിത്. വെള്ളരിയുടെ പൾപ്പും കറ്റാർവാഴ ജെല്ലും ചേർത്ത് നല്ലവണ്ണം യോജിപ്പിക്കുക. ഇത് ഫ്രിഡ്ജിൽ വച്ച് അൽപ്പനേരം തണുപ്പിച്ച ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങിവരുമ്പോൾ കഴുകിക്കളയുക. ചർമ്മത്തിന് ഉണർവ്വ് ലഭിക്കാൻ ഇത് നല്ലതാണ്.
ഓട്സ്, തൈര്
സെൻസിറ്റീവ് അല്ലെങ്കിൽ കോമ്പിനേഷൻ ചർമ്മക്കാർക്ക് ഓട്സും തൈരും ചേർന്ന പായ്ക്ക് സഹായകമാണ്. ഓട്സ് തരിയില്ലാതെ നേർമ്മയുള്ള പൊടിയാക്കുക. ഇതിലേക്ക് തൈരും ഏതാനും തുള്ളി തേനും ചേർത്ത് കുഴമ്പു രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടി അഞ്ചു മിനിട്ടുകൾക്ക് ശേഷം മൃദുവായി മസാജ് ചെയ്ത് കഴുകിക്കളയുക.
ഈ പായ്ക്കുകൾ ആഴ്‌ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിക്കുക. ചേരുവകള്‍ കൂട്ടിച്ചേർക്കുന്നതിന് മുമ്പ് കൈകളും ഉപയോഗിക്കുന്ന ഉപകരണങ്ങളും എപ്പോഴും വൃത്തിയാക്കിയിരിക്കണം. ചർമ്മത്തില്‍ ഏതെങ്കിലും തരത്തിലുള്ള പുകച്ചിലോ കടുത്ത ചുവപ്പ് നിറമോ ഉണ്ടായാല്‍ ഉപയോഗം ഉടനടി നിർത്തുക. ഇവക്കൊപ്പം സൺസ്ക്രീൻ, ലൈറ്റ് മോയിസ്ചറൈസർ, ആവശ്യത്തിന് വെള്ളം കുടിക്കുന്നത്, സമീകൃതാഹാരം കഴിക്കുന്നത് എന്നിവയൊക്കെ ആരോഗ്യകരമായ വേനല്‍ക്കാലചർമ്മസംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്.
