പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന ആരോപണവുമായി കോൺഗ്രസ്.
പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശി മേഖലയിൽ വോട്ടർമാർക്ക് പണം നൽകുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടു. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രവർത്തകരെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.
തരുവാക്കുറിശ്ശിയിൽ ഒരു മരണവീട് സന്ദർശിച്ച ശേഷം മടങ്ങുന്നതിനിടെ ശോഭാ സുരേന്ദ്രനും സംഘവും തൊട്ടടുത്ത വീട്ടിലെ വൃദ്ധയ്ക്ക് പണം നൽകിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ശോഭ സുരേന്ദ്രൻ കാറിൽ ഇരിക്കെ കൂടെയുണ്ടായിരുന്ന ബിജെപി പ്രവർത്തക പണം കൈമാറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ ബിജെപി സ്ഥാനാർത്ഥിയുടെ സാന്നിധ്യം വിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. വീഡിയോ ചിത്രീകരിക്കുന്നത് കണ്ട ശോഭാ സുരേന്ദ്രൻ പ്രവർത്തകർക്ക് നേരെ തട്ടിക്കയറുകയും “കരണംകുറ്റി അടിച്ചുപൊട്ടിക്കും” എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
പണം വിതരണം ചെയ്തതിന് പുറമെ, പ്രദേശത്തെ ഒരു ക്ഷേത്രത്തിന് 50,000 രൂപ നൽകിയതായും താൻ വിജയിക്കുകയാണെങ്കിൽ ക്ഷേത്ര പുനരുദ്ധാരണത്തിനായി 10 ലക്ഷം രൂപ നൽകാമെന്ന് ശോഭാ സുരേന്ദ്രൻ വാഗ്ദാനം ചെയ്തതായും കോൺഗ്രസ് ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് ബിജെപി നടത്തുന്നതെന്നും ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ബിജെപിയുടെ പ്രാഥമിക പ്രതികരണം.
Photo Courtesy: Google/ images are subject to copyright

