ജനക്ഷേമ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക; പെൻഷൻ 3000, ‘ഉമ്മൻചാണ്ടി’ ആരോഗ്യ ഇൻഷുറൻസ് മുഖ്യ ആകർഷണം

ജനക്ഷേമ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക; പെൻഷൻ 3000, ‘ഉമ്മൻചാണ്ടി’ ആരോഗ്യ ഇൻഷുറൻസ് മുഖ്യ ആകർഷണം

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ വാഗ്ദാനങ്ങൾ നിരത്തി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. ‘ഇന്ദിര ഗ്യാരന്റി’ പദ്ധതിക്ക് പുറമെ സാധാരണക്കാരായ ജനങ്ങളെയും യുവാക്കളെയും ലക്ഷ്യം വെച്ചുള്ള വിപുലമായ പ്രഖ്യാപനങ്ങളാണ് പത്രികയുടെ പ്രധാന ആകർഷണം. സാമൂഹിക സുരക്ഷാ പെൻഷൻ 3,000 രൂപയാക്കി ഉയർത്തുമെന്ന പ്രഖ്യാപനത്തോടൊപ്പം, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതിയും യുഡിഎഫ് മുന്നോട്ടുവെക്കുന്നു. ക്ഷേമ പെൻഷനുകൾ ശമ്പള മാതൃകയിൽ കൃത്യമായി വിതരണം ചെയ്യുമെന്നും ‘ആശ്രയ’ പദ്ധതി കാലോചിതമായി പരിഷ്കരിക്കുമെന്നും പത്രിക ഉറപ്പുനൽകുന്നു.

സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയും ക്ഷേമത്തിന് വലിയ പ്രാധാന്യമാണ് പ്രകടനപത്രിക നൽകിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനൊപ്പം കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,000 രൂപ പഠനസഹായമായി നൽകാനും പദ്ധതിയുണ്ട്. കൂടാതെ, തൊഴിലുറപ്പ് പദ്ധതിയിലെ വേതനത്തിൽ വർദ്ധനവ് വരുത്തുമെന്നും പ്രകടനപത്രിക വ്യക്തമാക്കുന്നു. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തന്നെ രൂപീകരിക്കുമെന്ന പ്രഖ്യാപനം വയോജനങ്ങളുടെ ഇടയിൽ വലിയ സ്വാധീനം ചെലുത്താൻ ലക്ഷ്യമിട്ടുള്ളതാണ്.

യുവജനങ്ങളെയും ഉന്നതവിദ്യാഭ്യാസ മേഖലയെയും കേന്ദ്രീകരിച്ചുള്ള ഒട്ടനവധി മാറ്റങ്ങളാണ് യുഡിഎഫ് വിഭാവനം ചെയ്യുന്നത്. വയനാട്ടിൽ ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുമെന്നതും യുവാക്കൾക്കായി ‘യുവശ്രീ’ പദ്ധതി ആരംഭിക്കുമെന്നതും ഇതിൽ പ്രധാനമാണ്. പുതിയ ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും. ലഹരി വിപത്തിനെതിരെ ‘Break the Drug Chain’ എന്ന പേരിൽ ശക്തമായ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും, ലഹരിയുടെ ഉറവിടങ്ങൾ തകർത്ത് കേരളത്തെ പൂർണ്ണമായും മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

കാർഷിക മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതായി വ്യക്തമാക്കിയ യുഡിഎഫ്, പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കുമെന്നും സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്നും അറിയിച്ചു. കൂടാതെ കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾക്ക് സ്ഥിരപരിഹാരം കാണുമെന്നും ഉറപ്പുനൽകി. വന്യജീവി-മനുഷ്യ സംഘർഷം കുറയ്ക്കുന്നതിനായി പരമ്പരാഗത രീതികളും ആധുനിക സാങ്കേതിക സംവിധാനങ്ങളും സംയോജിപ്പിച്ച് കാര്യക്ഷമമായ ഇടപെടലുകൾ നടത്തുമെന്നും പത്രികയിൽ പറയുന്നു. മത്സ്യബന്ധന മേഖലയിലുള്ളവർക്ക് പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കുകയും മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ സബ്സിഡി നൽകുകയും ചെയ്യും.

സാമൂഹിക നീതി ഉറപ്പാക്കുന്നതിനായി എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് പ്രത്യേക റിക്രൂട്ട്മെന്റ് നടത്തുമെന്നും തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ മെട്രോ പദ്ധതി നടപ്പിലാക്കുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചു. പ്രവാസി പദ്ധതികളിൽ അംഗത്വത്തിനുള്ള പ്രായപരിധി ഒഴിവാക്കുമെന്നും മദ്യ ഉപയോഗം നിയന്ത്രിക്കുന്നതിൽ സാമൂഹിക സാഹചര്യങ്ങൾ പരിഗണിച്ചുള്ള സമീപനം സ്വീകരിക്കുമെന്നും വ്യക്തമാക്കി. ലഹരി ഉപയോഗം വർദ്ധിക്കാതിരിക്കാനുള്ള സമഗ്ര നയം ആവിഷ്കരിക്കുമെന്നും പത്രികയിൽ പറയുന്നു. അത്യന്തം ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി മുൻകാല ‘ആശ്രയ’ പദ്ധതിയെ പരിഷ്കരിച്ച് ‘നവ ആശ്രയ’ പദ്ധതി ആരംഭിക്കുമെന്നും അന്ത്യോദയ, പിങ്ക് റേഷൻ കാർഡ് ഉടമകളെ ഉൾപ്പെടുത്തി ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് പ്രത്യേക കർമ്മപദ്ധതി നടപ്പിലാക്കുമെന്നും അറിയിച്ചു. സംസ്ഥാനമെമ്പാടും ‘ഇന്ദിര കാന്റീനുകൾ’ ആരംഭിക്കുക, അർഹരായവർക്ക് പ്രയോറിറ്റി റേഷൻ കാർഡുകളും സൗജന്യ റേഷനും നൽകുക തുടങ്ങിയ വാഗ്ദാനങ്ങളും യുഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

 

 

 

 

Photo Courtesy: Google/ images are subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.