തമിഴ്‌നാട്ടിൽ രാഷ്ട്രീയ മാറ്റം: വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്; വിജയ് ഇന്ന് ഗവർണറെ കാണും
തമിഴ് രാഷ്ട്രീയത്തിലെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നടൻ വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (TVK) കോൺഗ്രസ് ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലായി. സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കാൻ വിജയ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കാണും.
കേവലം സർക്കാർ രൂപീകരണത്തിന് മാത്രമല്ല, വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും ലോക്സഭാ, രാജ്യസഭാ തിരഞ്ഞെടുപ്പുകളിലും ഈ സഖ്യം തുടരുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന ഉറപ്പിന്മേലാണ് ടിവികെയെ പിന്തുണയ്ക്കുന്നതെന്ന് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.
വർഷങ്ങളായി നിലനിന്നിരുന്ന ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ ഈ നീക്കം വലിയ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. കോൺഗ്രസ് നടപടി പിന്നിൽ നിന്നുള്ള കുത്താണെന്ന് ഡിഎംകെ വക്താക്കൾ ആരോപിച്ചു. ഡിഎംകെയുടെ തണലിൽ ജയിച്ചുവന്ന കോൺഗ്രസ് ഇപ്പോൾ തങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നാണ് നിലപാട്. ഇന്ന് വൈകീട്ട് 3 മണിക്ക് വിജയ് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അംഗസംഖ്യ ബോധ്യപ്പെടുത്തും. തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു.
പെരമ്പൂർ, തിരുച്ചി ഈസ്റ്റ് മണ്ഡലങ്ങളിൽനിന്ന് വിജയിച്ച വിജയ് തിരുച്ചിയിലെ എം.എൽ.എ. സ്ഥാനം രാജിവെക്കുമെന്ന് യോഗത്തെ അറിയിച്ചു. അതോടെ 108 സീറ്റുള്ള ടി.വി.കെ.യുടെ അംഗബലം 107 ആയി ചുരുങ്ങും. 234 അംഗ സഭയിൽ കേവലഭൂരിപക്ഷം ഉറപ്പിക്കുന്നതിന് 118 സീറ്റുകളാണ് വേണ്ടത്. അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ ചെറുകക്ഷികളുടെ സഹായത്തോടെ ലക്ഷ്യത്തിലെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തമിഴ്നാട്ടിലെ ഈ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ദേശീയ തലത്തിലും വലിയ ചർച്ചകൾക്ക് വഴിതുറക്കും. ഡിഎംകെ, എഐഎഡിഎംകെ എന്നീ വൻശക്തികളുടെ ദശാബ്ദങ്ങൾ നീണ്ട ആധിപത്യത്തിനാണ് വിജയിന്റെ രാഷ്ട്രീയ പ്രവേശനം അന്ത്യമിടുന്നത്. മെയ് 7-ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചനകൾ.
Photo Courtesy: Google/ images are subject to copyright
