തമിഴ്‌നാട്ടിൽ രാഷ്ട്രീയ അട്ടിമറി: വിജയ് നിയമസഭാ കക്ഷി നേതാവ്; എം.കെ. സ്റ്റാലിൻ രാജിവെച്ചു
തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ. തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയിയെ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട പുതിയ എംഎൽഎമാരുടെ യോഗത്തിലാണ് വിജയിയെ നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തത്. ഇതിനിടെ, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തന്റെ സ്ഥാനം രാജിവെച്ചു.
സംസ്ഥാന ഭരണത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് ടിവികെ കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയാണെങ്കിൽ വിജയ്‍യെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണം 130 മുതൽ 135 വരെയായി ഉയരുമെന്ന് നിയുക്ത എംഎൽഎ വി.എൻ.എസ്. മുസ്തഫ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു വലിയ രാഷ്ട്രീയ ‘മാജിക്’ തമിഴ്‌നാട്ടിൽ സംഭവിക്കാൻ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയ് ഈ ആഴ്ച തന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുമെന്ന് നിയുക്ത കമ്പം എംഎൽഎ ജഗന്നാഥ് മിശ്ര അറിയിച്ചു. മാറ്റത്തിനായുള്ള ജനവിധിയാണിതെന്നും, 24 മണിക്കൂറും ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കണമെന്നാണ് വിജയ് തങ്ങൾക്ക് നൽകിയിട്ടുള്ള നിർദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റാലിന്റെ രാജിയോടെ തമിഴ്‌നാട്ടിൽ പുതിയൊരു ഭരണകൂടം ഉടൻ അധികാരമേൽക്കുമെന്ന കാര്യത്തിൽ ഉറപ്പായിരിക്കുകയാണ്.
നിയുക്ത എംഎൽഎമാരോട് ചെന്നൈയിൽ തുടരാൻ ടിവികെ നിർദേശം നല്‍കി. ടിവികെ സ്ഥാനാർത്ഥികളുമായി വിജയ് കൂടിക്കാഴ്ച നടത്തുകയാണ്. ടിവികെയ്ക്ക് പിന്തുണ നൽകാനുള്ള സാധ്യത ഇടതുപാർട്ടികളും ടിവികെയും തള്ളിയില്ല. ബിജെപിയുമായി സഖ്യം ഉണ്ടാകില്ലെന്ന് ടിവികെ ഉറപ്പ് നൽകണമെന്നാണ് പല ഇടതുനേതാക്കളുടെയും അഭിപ്രായം.108 എംഎൽഎമാർ ഉള്ള ടിവികെയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ ഇനി 10 പേരുടെ പിന്തുണയാണ് വേണ്ടത്. നിയമസഭയിലെ ധാരണകളിലൂടെ ന്യൂനപക്ഷ സർക്കാറായി ഭരിക്കാനും ടിവികെയ്ക്ക് കഴിയുമെന്നതിനാൽ വിജയ് മുഖ്യമന്ത്രി ആകുമെന്ന് ഉറപ്പാണ്.
Photo Courtesy: Google/ images are subject to copyright

