അന്ന് 4, ഇന്ന് 22: പന്ത്രണ്ട് വർഷത്തിനിപ്പുറം രാജ്യത്തിന്റെ 74 ശതമാനം ഭൂവിസ്തൃതിയിലും ബിജെപി മേധാവിത്വം.
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തോടെ ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ തങ്ങളുടെ മേധാവിത്വം ബിജെപി ഒരിക്കൽ കൂടി അടിവരയിട്ട് ഉറപ്പിക്കുകയാണ്. 2014-ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ കേവലം നാല് സംസ്ഥാനങ്ങളിൽ മാത്രം മുഖ്യമന്ത്രിമാരുണ്ടായിരുന്ന സ്ഥാനത്തുനിന്നും, 2026-ൽ എത്തിനിൽക്കുമ്പോൾ രാജ്യത്തെ 22 പ്രദേശങ്ങളിൽ (കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ) എൻഡിഎ ഭരണമുറപ്പിച്ചു കഴിഞ്ഞു. ചുരുങ്ങിയ കാലയളവിനുള്ളിൽ ബിജെപി കൈവരിച്ച ഈ വളർച്ച രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്.
2014-ലെ കണക്കുകൾ പ്രകാരം രാജ്യത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 34 ശതമാനവും ജനസംഖ്യയുടെ നാലിലൊന്നും മാത്രമായിരുന്നു ബിജെപിക്ക് സ്വാധീനമുണ്ടായിരുന്ന മേഖലകൾ. എന്നാൽ ഈ സ്ഥിതിക്ക് വലിയ മാറ്റമാണ് പിന്നീട് സംഭവിച്ചത്. പാർട്ടിയുടെ ജനപ്രീതിയിലും സംഘടനാ ശേഷിയിലുമുണ്ടായ മുന്നേറ്റം ഓരോ തിരഞ്ഞെടുപ്പുകളിലും വ്യക്തമായി പ്രതിഫലിച്ചു.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തിന്റെ ഭൂപടത്തിൽ പകുതിയിലധികം പ്രദേശങ്ങളും ബിജെപിയുടെ കൈകളിലായി. നിലവിൽ ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയുടെ 74 ശതമാനത്തിലേക്കും ജനസംഖ്യയുടെ 69 ശതമാനത്തിലേക്കും ബിജെപിയുടെ സ്വാധീനം വ്യാപിച്ചിരിക്കുകയാണ്. പ്രാദേശിക കക്ഷികൾക്ക് വലിയ സ്വാധീനമുണ്ടായിരുന്ന പശ്ചിമ ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ ബിജെപി നേടിയ വിജയം വരും വർഷങ്ങളിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ പാർട്ടിക്ക് കൂടുതൽ കരുത്ത് പകരുമെന്ന് ഉറപ്പാണ്.
Photo Courtesy: Google/ images are subject to copyright

