യുഡിഎഫ് സർക്കാർ ഇന്ന് അധികാരത്തിൽ: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി. ഡി. സതീശൻ; ഒപ്പം 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

യുഡിഎഫ് സർക്കാർ ഇന്ന് അധികാരത്തിൽ: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി. ഡി. സതീശൻ; ഒപ്പം 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കേരള രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് UDF സർക്കാർ ഭരണമേറ്റു. സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി. ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ കൂറ്റൻ വേദിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു വി. ഡി. സതീശന്റെ സത്യപ്രതിജ്ഞ. നീണ്ട ഒരുപതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാനത്ത് യുഡിഎഫ് മുന്നണി വീണ്ടും അധികാരത്തിൽ വരുന്നത് എന്നതിനാൽ വിപുലമായ ഒരുക്കങ്ങളോടെയാണ് ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്.

ഈ മന്ത്രിസഭാ രൂപീകരണത്തിന് ആറുപതിറ്റാണ്ടിനിപ്പുറമുള്ള മറ്റൊരു രാഷ്ട്രീയ സവിശേഷത കൂടിയുണ്ട്. സാധാരണയായി മുന്നണി സർക്കാരുകളിൽ ഘട്ടങ്ങളായോ പ്രധാന നേതാക്കൾ മാത്രമായോ സത്യപ്രതിജ്ഞ ചെയ്യുന്ന രീതിക്ക് വിപരീതമായി, മുഖ്യമന്ത്രിക്ക് പുറമേ യുഡിഎഫിന്റെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മുഴുവൻ മന്ത്രിമാരും ഒന്നിച്ച് ഒരേവേദിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിക്ക് ശേഷം രണ്ടാമതായി പി. കെ. കുഞ്ഞാലിക്കുട്ടിയാണ് സത്യപ്രതിജ്ഞ ചെയ്തത്. തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയും, സണ്ണി ജോസഫും സത്യവാചകം ചൊല്ലി. വി. ഡി. സതീശൻ ഉൾപ്പെടെയുള്ള മന്ത്രിമാരുടെ അന്തിമ പട്ടിക ഞായറാഴ്ച വൈകിട്ട് തന്നെ രാജ്ഭവനിലെത്തി ഗവർണർക്ക് കൈമാറിയിരുന്നു.

ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ വൻനിരയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തിരുവനന്തപുരത്ത് എത്തിയത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി എംപി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയ ദേശീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നുള്ള പ്രമുഖരും ചടങ്ങിനെത്തിയിരുന്നു. പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് വേദിയിൽ തന്നെ ഇരിപ്പിടമൊരുക്കിയത് ഇത്തവണത്തെ ശ്രദ്ധേയമായ കാഴ്ചയായിരുന്നു.

മാറ്റത്തിന്റെ പ്രതിഫലനം വ്യക്തമാക്കുന്ന രീതിയിൽ യുവനിരയ്ക്ക് വലിയ മുൻതൂക്കം നൽകിക്കൊണ്ടാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. വി. ഡി. സതീശൻ, രമേശ് ചെന്നിത്തല, പി. കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, കെ. മുരളീധരൻ, ബിന്ദു കൃഷ്ണ, എ. പി. അനിൽ കുമാർ, പി. സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോൺ, ടി. സിദ്ദിഖ്, ഒ. ജെ. ജനീഷ്, കെ. എ. തുളസി, എൻ. ഷംസുദ്ദീൻ, പി. കെ. ബഷീർ, കെ. എം. ഷാജി, അബ്ദുൾ ഗഫൂർ, ഷിബു ബേബി ജോൺ, സി. പി. ജോൺ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവരാണ് പുതിയ മന്ത്രിമാർ. ഇതിൽ അനൂപ് ജേക്കബും മാണി സി. കാപ്പനും ടേം വ്യവസ്ഥയിലാണ് മന്ത്രിമാരാകുന്നത്. ആദ്യ രണ്ടര വർഷം അനൂപ് ജേക്കബും തുടർന്നുള്ള രണ്ടര വർഷം മാണി സി. കാപ്പനും മന്ത്രിസ്ഥാനം വഹിക്കും. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാകും യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി.

വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ യുഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലിനാണ് ഈ സർക്കാർ സാക്ഷ്യം വഹിക്കുന്നത്. ചരിത്രത്തിലാദ്യമായി മൂന്ന് വനിതകളാണ് ഒരേസമയം കാബിനറ്റ് പദവികളിലേക്ക് ഉയർത്തപ്പെടുന്നത്. പ്രമുഖ വനിതാ നേതാക്കളായ ബിന്ദു കൃഷ്ണ, കെ. എ. തുളസി എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ, ജനകീയ മുഖമായ ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർത്ഥിയാകും. 1960-64 കാലഘട്ടത്തിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്ന എ. നഫീസത്ത് ബീവിക്ക് ശേഷം ഇതാദ്യമായാണ് ഈ സുപ്രധാന പദവിയിലേക്ക് ഒരു വനിതാ നേതാവ് കടന്നുവരുന്നത് എന്നത് സ്ത്രീ ശാക്തീകരണ രംഗത്ത് മുന്നണിയുടെ വലിയൊരു ചുവടുവെപ്പായി വിലയിരുത്തപ്പെടുന്നു.

തലസ്ഥാന നഗരിയെയും സത്യപ്രതിജ്ഞാ വേദിയെയും പൂർണ്ണമായും ജനസാഗരമാക്കി മാറ്റിക്കൊണ്ടാണ് യുഡിഎഫ് അണികൾ ഈ ദിനത്തെ വരവേറ്റത്. സെൻട്രൽ സ്റ്റേഡിയത്തിനകത്തും പുറത്തുമായി ഒരുക്കിയ വിപുലമായ ഇരിപ്പിടങ്ങൾ ഭൂരിഭാഗവും രാവിലെ ഏഴരയോടെ തന്നെ പൂർണ്ണമായും പ്രവർത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. ഞായറാഴ്ച രാത്രി മുതൽക്കേ സംസ്ഥാനത്തിന്റെ വിവിധ തെക്കൻ-വടക്കൻ ജില്ലകളിൽ നിന്നുള്ള യുഡിഎഫ് പ്രവർത്തകരും ജനപ്രതിനിധികളും തിരുവനന്തപുരത്തേക്ക് കൂട്ടത്തോടെ എത്തിത്തുടങ്ങിയിരുന്നു. പുതിയ സർക്കാരിന്റെ വരവ് വൻ ആഘോഷമാക്കിക്കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ സ്റ്റേഡിയ പരിസരത്ത് തടിച്ചുകൂടിയത്.

 

 

 

 

 

Photo Courtesy: Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.