തമിഴ്‌നാട്ടിൽ വിജയ് സഖ്യം അധികാരത്തിലേക്ക്; നാളെ രാവിലെ സത്യപ്രതിജ്ഞ, സാക്ഷിയാകാൻ രാഹുൽ ഗാന്ധിയും

ദീർഘനാളത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് തമിഴ്‌നാടിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ സി. ജോസഫ് വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ രൂപീകരണത്തിന് മുന്നോടിയായി വിജയ് ഇന്ന് രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് പിന്തുണ അറിയിക്കുന്ന കത്തുകൾ കൈമാറി.

തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യയിലെത്താൻ ടിവികെയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ, എൻഡിഎ സഖ്യം ഉപേക്ഷിച്ചെത്തിയ എഐഎഡിഎംകെയും (47 സീറ്റുകൾ), ഡിഎംകെ ബന്ധം അവസാനിപ്പിച്ച കോൺഗ്രസും (5 സീറ്റുകൾ) പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ്ക്ക് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴി തെളിഞ്ഞു.

സത്യപ്രതിജ്ഞ ചടങ്ങ് നാളെ രാവിലെ 11:30-ന്. സത്യപ്രതിജ്ഞ ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തേക്കും. നേരത്തെ എഐഎഡിഎംകെ സഖ്യത്തിനായി 90 സീറ്റും മുഖ്യമന്ത്രി പദവും വിജയ് ആവശ്യപ്പെട്ടിരുന്നെങ്കിലും 40 സീറ്റും ഉപമുഖ്യമന്ത്രി പദവുമാണ് അവർ വാഗ്ദാനം ചെയ്തത്. ഇതിന് വഴങ്ങാതെ ഒറ്റയ്ക്ക് മത്സരിച്ച വിജയ് ഒടുവിൽ സ്വന്തം നിബന്ധനകളിൽ ഭരണം പിടിക്കുന്ന കാഴ്ചയ്ക്കാണ് തമിഴകം സാക്ഷ്യം വഹിക്കുന്നത്.

പതിറ്റാണ്ടുകൾ നീണ്ട ഡിഎംകെ ബന്ധം ഉപേക്ഷിച്ചാണ് കോൺഗ്രസ് വിജയ്ക്കൊപ്പം ചേരുന്നത്. ഇത് തമിഴ്‌നാട് രാഷ്ട്രീയത്തിൽ മാത്രമല്ല, ദേശീയ തലത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പിന്തുണയുമായി എത്തിയ വിവിധ രാഷ്ട്രീയ നേതാക്കളെ ഷാൾ അണിയിച്ചാണ് വിജയ് സ്വീകരിച്ചത്.  തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ എംജിആറിനും ജയലളിതയ്ക്കും ശേഷം സിനിമാ ലോകത്തുനിന്ന് ഭരണത്തിന്റെ അമരത്തേക്ക് എത്തുന്ന കരുത്തനായ നേതാവായി വിജയ് മാറുകയാണ്.

 

 

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.