മമതയ്ക്ക് വൻ തിരിച്ചടി; സുഖേന്ദു ശേഖർ റോയും 5 എംപിമാരും ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) പാർലമെന്ററി പ്രതിസന്ധി അതിവേഗം രൂക്ഷമാകുന്നതായി സൂചനകൾ. പാർട്ടിയിൽ നിന്നും രാജ്യസഭയിൽ നിന്നും രാജി വെച്ച് മണിക്കൂറുകൾക്കകം മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റോയ്, അഞ്ച് ടിഎംസി എംപിമാർക്കൊപ്പം ബിജെപി നേതാവ് ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ഈ നിർണായക യോഗത്തിൽ പങ്കെടുത്തു.
വിമത ടിഎംസി എംപിമാർ നിലവിൽ ഭൂപേന്ദർ യാദവുമായി ചർച്ചകൾ തുടരുകയാണെന്നാണ് വിവരങ്ങൾ. ടിഎംസിയുടെ പ്രമുഖ ലോക്‌സഭാ എംപി പ്രസൂൺ ബാനർജിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇത് പാർട്ടിയുടെ പാർലമെന്ററി തലപ്പത്ത് വലിയൊരു പിളർപ്പിന്റെ ശക്തമായ സൂചനയാണ് നൽകുന്നത്. മമത ബാനർജിയും അഭിഷേക് ബാനർജിയും ഇൻഡ്യാ സഖ്യത്തിന്റെ യോഗത്തിനായി ദേശീയ തലസ്ഥാനത്ത് എത്തിയ സമയത്തുതന്നെ ഈ നാടകീയ നീക്കങ്ങൾ നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ബർധമാൻ പുർബ എംപി ഷർമിള സർക്കാർ, ഹൗറ എംപി പ്രസൂൺ ബാനർജി, കൂച്ച് ബിഹാർ എംപി ജഗദീഷ് ചന്ദ്ര ബസൂനിയ, ബങ്കുര എംപി അരൂപ് ചക്രവർത്തി, ഝാർഗ്രാം എംപി കാളിപദ സോറൻ, ബോൽപൂർ എംപി അസിത് മാൽ എന്നിവരാണ് യോഗത്തിൽ പങ്കെടുത്ത മറ്റ് പ്രമുഖർ. ഇതിനുപുറമേ മഥുരാപൂർ എംപി ബാപ്പി ഹൽദാറും യോഗത്തിൽ പങ്കെടുത്തതായി ചില രാഷ്ട്രീയ കേന്ദ്രങ്ങൾ അവകാശപ്പെടുന്നുണ്ട്. ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോന്നതാണ് ഡൽഹിയിൽ അരങ്ങേറുന്ന ഈ നീക്കങ്ങൾ.

