സിബിഎസ്ഇ മൂല്യനിർണയ വിവാദം: കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും ദില്ലി ഹൈക്കോടതി നോട്ടീസ്
സിബിഎസ്ഇ പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണ്ണയത്തിനായി പുതുതായി ഏർപ്പെടുത്തിയ ഒഎസ്എം (ഓൺ സ്ക്രീൻ മാർക്കിങ്) സംവിധാനത്തിലെ ക്രമക്കേടുകൾ ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ്‌യുഐ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ, ജസ്റ്റിസ് മധു ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ അടിയന്തര നടപടി. ഈ മാസം 12-ാം തീയതി കേസ് കോടതി വീണ്ടും പരിഗണിക്കും.
പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയപ്പോൾത്തന്നെ വലിയ രീതിയിൽ പരാജയപ്പെട്ട ഒഎസ്എം സംവിധാനം സിബിഎസ്ഇ ധൃതിപിടിച്ച് രാജ്യവ്യാപകമായി നടപ്പാക്കുകയായിരുന്നുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. പ്ലസ്ടു പരീക്ഷയ്ക്ക് ഒരു മാസം മുൻപ് ദില്ലിയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ നടത്തിയ ട്രയൽ റണ്ണിൽത്തന്നെ ഗുരുതരമായ സാങ്കേതിക തകരാറുകൾ കണ്ടെത്തിയിരുന്നു. സ്വകാര്യ സ്കൂളുകൾ, ദില്ലി സർക്കാർ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവടങ്ങളിലെ പ്രിൻസിപ്പൽമാർ അടങ്ങുന്ന സമിതിയാണ് ഈ പരിശോധന നടത്തിയത്.
ചില ഉത്തരങ്ങൾക്ക് നൽകുന്ന മാർക്കുകൾ കംപ്യൂട്ടർ സ്ക്രീനിൽ കുറവായി രേഖപ്പെടുത്തുക, യഥാർത്ഥ മാർക്ക് സിസ്റ്റത്തിൽ കാണിക്കാതിരിക്കുക, രണ്ട് ഭാഗങ്ങളുള്ള ചോദ്യങ്ങൾക്ക് ഒരു ഭാഗത്തിന് മാത്രം മാർക്ക് രേഖപ്പെടുത്താൻ സാധിക്കുക എന്നിവയായിരുന്നു പ്രധാന പ്രശ്നങ്ങൾ. ഇതിനുപുറമേ കംപ്യൂട്ടർ സിസ്റ്റം അടിക്കടി ഹാങ് ആവുക, മൂല്യനിർണ്ണയം പൂർത്തിയാക്കിയാലും മാർക്കുകൾ വിട്ടുപോകുക, ഒഴിഞ്ഞ പേജുകൾക്ക് വരെ മാർക്ക് രേഖപ്പെടുത്താൻ കഴിയുക തുടങ്ങിയ ഗുരുതരമായ വീഴ്ചകളും സമിതി ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ഈ സാങ്കേതിക പ്രതിസന്ധികൾ കണക്കിലെടുത്ത് ഒഎസ്എം സംവിധാനം ഒരു വർഷത്തേക്ക് നീട്ടിവെയ്ക്കണമെന്നോ അല്ലെങ്കിൽ ചില മേഖലകളിൽ മാത്രം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കണമെന്നോ ഉള്ള സമിതിയുടെ ശുപാർശകൾ സിബിഎസ്ഇ ചെയർമാനും സെക്രട്ടറിയും പൂർണ്ണമായി തള്ളിക്കളയുകയായിരുന്നു. ഡിജിറ്റൽ മൂല്യനിർണ്ണയത്തിലെ പാളിച്ചകൾ മൂലം ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. പരീക്ഷാ നടത്തിപ്പിലുണ്ടായ ഈ വൻ വീഴ്ചയുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായി ഉറച്ചുനിൽക്കുകയാണ്.

