സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ കേരളത്തിലും വടക്കൻ ജില്ലകളിലുമായിരിക്കും മഴ കൂടുതൽ കനക്കാൻ സാധ്യതയുള്ളത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് നിലവിൽ ജാഗ്രതാ നിർദ്ദേശമുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്.
വരും മണിക്കൂറുകളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Photo Courtesy: Google/ images are subject to copyright

