ചരിത്രത്തിലാദ്യമായി 30,000 കോടി ലാഭം മറിടകന്ന് ജിയോ; ഉപഭോക്താക്കളുടെ എണ്ണം 52.4 കോടി പിന്നിട്ടു
ടെലികോം രംഗത്തെ വമ്പന്മാരായ റിലയൻസ് ജിയോ തങ്ങളുടെ ശക്തമായ വളർച്ചാ പ്രയാണം 2025-26 സാമ്പത്തിക വർഷത്തിലും തുടരുന്നതായി റിപ്പോർട്ട്. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള അറ്റാദായം ചരിത്രത്തിലാദ്യമായി 30,000 കോടി രൂപ മറികടന്നതായി റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (RJIL) ചെയർമാൻ ആകാശ് മുകേഷ് അംബാനി അറിയിച്ചു. ജൂൺ 19ന് നടന്ന കമ്പനിയുടെ 49-ാമത് വാർഷിക പൊതുയോഗത്തിലാണ് (AGM) അദ്ദേഹം ഈ സുപ്രധാന സാമ്പത്തിക നേട്ടങ്ങൾ പങ്കുവെച്ചത്. ഇതോടൊപ്പം ജിയോയുടെ ആകെ ഉപഭോക്താക്കളുടെ എണ്ണം 52.4 കോടി കടന്നതായും അദ്ദേഹം വ്യക്തമാക്കി.
ജിയോയുടെ പത്ത് വർഷത്തെ വിജയകരമായ പ്രയാണത്തെക്കുറിച്ച് സംസാരിക്കവേ, ടെലികോം-ഡിജിറ്റൽ സേവന രംഗത്ത് കമ്പനി കൈവരിച്ചത് അസാധാരണമായ വളർച്ചയാണെന്ന് ആകാശ് അംബാനി ചൂണ്ടിക്കാട്ടി. ഈ സാമ്പത്തിക വർഷത്തിൽ മാത്രം 7.7 കോടി പുതിയ 5ജി ഉപഭോക്താക്കളെ സ്വന്തമാക്കാൻ ജിയോയ്ക്ക് സാധിച്ചു. ഇതോടെ ജിയോയുടെ ആകെ 5ജി ഉപഭോക്താക്കളുടെ എണ്ണം 26.8 കോടി പിന്നിട്ടു. ചൈനയ്ക്ക് പുറത്ത് ഒരു രാജ്യത്ത് മാത്രമായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ 5ജി ശൃംഖലയായി മാറിയിരിക്കുകയാണ് ജിയോ.
തങ്ങളുടെ ഫിക്സഡ് ബ്രോഡ്ബാൻഡ് സേവനമായ ‘ജിയോ എയർഫൈബർ’ വഴിയും വിപണിയിൽ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം തന്നെ ലോകത്തിലെ ഏറ്റവും വലിയ ഫിക്സഡ് വയർലെസ് ബ്രോഡ്ബാൻഡ് ഓപ്പറേറ്ററായി മാറിയ ഈ സേവനം, ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള 1.3 കോടിയിലധികം വീടുകളിലേക്ക് അതിവേഗ കണക്റ്റിവിറ്റി എത്തിക്കുന്നതായി ആകാശ് അംബാനി പറഞ്ഞു. ഡിജിറ്റൽ സൗകര്യങ്ങൾ കുറവുള്ളതും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങളിൽ അതിവേഗ ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കാൻ ജിയോ എയർഫൈബർ പ്ലാറ്റ്ഫോം വലിയ രീതിയിൽ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Photo Courtesy: Google/ images are subject to copyright
