ബിജെപി വിട്ട് കെ. അണ്ണാമലൈ; അംഗത്വം രാജിവെച്ചു
തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി അംഗത്വം രാജിവെച്ചു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. സൗഹാർദപൂർവമായ ഒരു വിടപറച്ചിലാണ് താൻ ആഗ്രഹിക്കുന്നതെന്ന് നേതൃത്വത്തെ അറിയിച്ച അണ്ണാമലൈ, സൂപ്പർ താരം രജനീകാന്തുമായി ചേർന്ന് പുതിയൊരു രാഷ്ട്രീയ പാർട്ടിയോ അല്ലെങ്കിൽ രാഷ്ട്രീയത്തിന് അതീതമായ ജനകീയ സംഘടനയോ രൂപീകരിക്കാനാണ് ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന ശക്തമായ സൂചനകൾ. തിരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ കനത്ത പരാജയവും വോട്ടിങ് ശതമാനം 11.24-ൽ നിന്നും 2.64 ആയി കൂപ്പുകുത്തിയതുമാണ് അണ്ണാമലൈയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയും കേന്ദ്ര നേതൃത്വം നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാത്തതുമാണ് അദ്ദേഹത്തെ പാർട്ടി വിടാൻ പ്രേരിപ്പിച്ചത്. നിലവിലെ എല്ലാ അഭ്യൂഹങ്ങൾക്കും രണ്ടു ദിവസത്തിനകം കൃത്യമായ മറുപടി നൽകുമെന്ന് അണ്ണാമലൈ വ്യക്തമാക്കിയിട്ടുണ്ട്.
‘മക്കൾ ശക്തി‘ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കാനാണ് നീക്കമെന്നാണ് തമിഴകത്ത് നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അണ്ണാഡിഎംകെയുമായുള്ള സഖ്യം യാഥാർഥ്യമാക്കാൻ തന്നെ തമിഴ്‌നാട് ബിജെപി അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയത് മുതൽ അണ്ണാമലൈ നേതൃത്വവുമായി കടുത്ത ഇടച്ചിലിലായിരുന്നു. നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെ തിരഞ്ഞെടുപ്പിൽ ചരിത്ര മുന്നേറ്റം നടത്തുമെന്ന് വോട്ടെണ്ണലിന് മുൻപ് തന്നെ പ്രവചിച്ചിരുന്ന അണ്ണാമലൈ, തമിഴ് രാഷ്ട്രീയത്തിൽ വലിയൊരു സർപ്രൈസ് വരുന്നുണ്ടെന്ന് തന്റെ അടുത്ത അനുയായികളോട് പങ്കുവെച്ചിരുന്നു. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ സർവീസ് രാജിവെച്ച് 2020 ലാണ് ബിജെപിയിൽ ചേരുന്നത്. 2021 മുതൽ 2025 വരെ തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷനായിരുന്ന അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് സംസ്ഥാനത്ത് പാർട്ടിയുടെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി മാറി. എന്നാൽ ഈയടുത്ത കാലത്തായി കേന്ദ്ര സർക്കാരിന്റെ ത്രിഭാഷാ നയത്തിനെതിരെ പരസ്യമായ വിമർശനം ഉന്നയിച്ചുകൊണ്ട് അദ്ദേഹം തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അണ്ണാമലൈയുടെ ഈ അപ്രതീക്ഷിത പടിയിറക്കം തമിഴ്‌നാട്ടിൽ ബിജെപിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Photo Courtesy: Google/ images are subject to copyright

