നീറ്റ് പരീക്ഷ: മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്നും നാളെയും അവധി നൽകരുത്; കർശന നിർദ്ദേശവുമായി ഡിഎംഇ

നീറ്റ് പരീക്ഷ: മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്നും നാളെയും അവധി നൽകരുത്; കർശന നിർദ്ദേശവുമായി ഡിഎംഇ

രാജ്യത്ത് നീറ്റ് (NEET) പരീക്ഷ നടക്കാനിരിക്കെ, സംസ്ഥാനത്തെ മെഡിക്കൽ, ഡെന്റൽ കോളേജ് പ്രിൻസിപ്പൽമാർക്ക് കർശന നിർദ്ദേശവുമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (DME). ശനി, ഞായർ (ഇന്നും നാളെയും) ദിവസങ്ങളിൽ മെഡിക്കൽ/ഡെന്റൽ വിദ്യാർത്ഥികൾക്ക് യാതൊരു കാരണവശാലും അവധി അനുവദിക്കരുതെന്നാണ് ഡിഎംഇയുടെ സർക്കുലറിൽ വ്യക്തമാക്കുന്നത്. തികച്ചും അത്യാവശ്യ ഘട്ടങ്ങളിൽ മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമേ അവധി നൽകാവൂ എന്നും നിർദ്ദേശമുണ്ട്.

വിദ്യാർത്ഥികൾ ഈ ദിവസങ്ങളിൽ ഹോസ്റ്റലുകളിലും ക്യാമ്പസുകളിലും തന്നെ തുടരുന്നുണ്ടെന്ന് കോളേജ് അധികൃതർ ഉറപ്പാക്കണം. നീറ്റ് പരീക്ഷയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്ന തരത്തിലുള്ള സംശയാസ്പദമായ യാതൊരുവിധ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഏർപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ പ്രിൻസിപ്പൽമാരും ഹോസ്റ്റൽ വാർഡന്മാരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും സർക്കുലറിൽ പറയുന്നു.

മുൻപ് നടന്ന നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും തട്ടിപ്പുകളിലും ചില മെഡിക്കൽ വിദ്യാർത്ഥികൾക്ക് പങ്കുണ്ടായിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. പരീക്ഷ എഴുതാൻ വ്യാജ ഉദ്യോഗാർത്ഥികളെ (Proxy) ഇരുത്തുന്നതിനടക്കം ഇത്തരം വിദ്യാർത്ഥികളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ കരുതൽ നടപടി.

അതേസമയം, സാധാരണ അവധി ദിവസങ്ങളിൽ പോലും വിദ്യാർത്ഥികൾക്ക് ക്യാമ്പസ് വിട്ടുപോകാൻ അനുവാദം നൽകരുതെന്ന ഡിഎംഇയുടെ ഈ നിർദ്ദേശത്തിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. എല്ലാ വിദ്യാർത്ഥികളെയും ഒരേപോലെ സംശയനിഴലിൽ നിർത്തുന്ന ഇത്തരം വിചിത്രമായ ഉപാധികൾ ജനാധിപത്യ വിരുദ്ധമാണെന്നാണ് വിദ്യാർത്ഥി സംഘടനകളുടെയും ഒരു വിഭാഗം അധ്യാപകരുടെയും ആക്ഷേപം. എന്നാൽ പരീക്ഷാ സുരക്ഷ മുൻനിർത്തി നിർദ്ദേശങ്ങളുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം.

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.