കോഴിക്കോട്ട് വീണ്ടും നിപ ഭീതി ; ഫറോക്ക് സ്വദേശിയായ 43കാരന് പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ഭീതി. കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43 കാരനാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അന്തിമ സ്ഥിരീകരണത്തിനായി രോഗിയുടെ സ്രവ സാമ്പിളുകൾ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV) അയച്ചിരിക്കുകയാണ്.
നിലവിൽ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. തുടർചികിത്സയ്ക്കായി രോഗിയെ എത്രയും വേഗം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഒരാഴ്ച മുമ്പ് കടുത്ത പനിയെത്തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നിപയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു.
രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കോഴിക്കോട്ട് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടിക (Contact List) അടിയന്തരമായി തയ്യാറാക്കാനും വൈറസിന്റെ ഉറവിടം കണ്ടെത്താനുമുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയതായും സർക്കാർ അറിയിച്ചു.
Photo Courtesy: Google/ images are subject to copyright

