വിലക്കിന് ഇളവ്: ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി പുനരാരംഭിക്കാൻ ഇന്ത്യ ചർച്ച തുടങ്ങി; ബാരലിന് 4 ഡോളർ വരെ കിഴിവ് വാഗ്ദാനം ചെയ്ത് ഇറാൻ
ഇറാനിൽ നിന്ന് വീണ്ടും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനായി ഇന്ത്യ പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്. അമേരിക്ക താൽക്കാലികമായി ഉപരോധങ്ങളിൽ ഇളവ് വരുത്തിയ പശ്ചാത്തലത്തിലാണ് ഇന്ത്യയ്ക്ക് എണ്ണ നൽകാനുള്ള താല്പര്യം ഇറാൻ അറിയിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലയേക്കാൾ ബാരലിന് മൂന്ന് മുതൽ നാല് ഡോളർ വരെ കിഴിവ് ഇന്ത്യയ്ക്ക് നൽകാമെന്ന് ഇറാൻ വാഗ്ദാനം ചെയ്തതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.
നിലവിലെ സാഹചര്യത്തിൽ ഇറാനിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചേക്കുമെന്നാണ് സൂചന. എന്നാൽ, ഇത് ഗൾഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കാതിരിക്കാനും അവരുടെ അതൃപ്തിക്ക് ഇടയാക്കാതിരിക്കാനുമുള്ള മുൻകരുതലുകൾ കേന്ദ്ര സർക്കാർ സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
അമേരിക്കൻ ഉപരോധം നിലനിന്നിരുന്ന സമയത്ത് ഇറാൻ തങ്ങളുടെ എണ്ണ പ്രധാനമായും കയറ്റുമതി ചെയ്തിരുന്നത് ചൈനയിലേക്കായിരുന്നു. നിലവിൽ ഉപരോധങ്ങൾക്ക് താൽക്കാലിക ഇളവ് ലഭിച്ചതോടെയാണ് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കാൻ ഇറാൻ ശ്രമിക്കുന്നത്.
അതേസമയം, പശ്ചിമേഷ്യൻ പ്രതിസന്ധികളെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്ന ഇന്ത്യൻ കപ്പലുകളിൽ ഇനി പന്ത്രണ്ടെണ്ണം മാത്രമാണ് തിരിച്ചെത്താനുള്ളതെന്ന് ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കുന്നു. ബാങ്കിംഗ് ചാനലുകളും പണമിടപാട് രീതികളും സംബന്ധിച്ച കൃത്യമായ നയരൂപീകരണത്തിന് ശേഷമായിരിക്കും ഇറാനുമായുള്ള എണ്ണക്കച്ചവടത്തിൽ ഇന്ത്യ അന്തിമ തീരുമാനമെടുക്കുക.
Photo Courtesy: Google/ images are subject to copyright

