തൃണമൂൽ കോൺഗ്രസ് എംപി സുഷ്മിത ദേവ് രാജ്യസഭാംഗത്വം രാജിവെച്ചു; ബിജെപിയിലേക്ക് മാറിയേക്കുമെന്ന് സൂചന
തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) നിന്ന് തൃണമൂൽ കോൺഗ്രസ് എംപി സുഷ്മിത ദേവിൻറെ രാജി മമത ബാനർജിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ടിഎംസി എംപിയായ സുഷ്മിത ദേവ് രാജ്യസഭാംഗത്വം രാജിവെച്ചു. മമതയുടെ വിശ്വസ്തനായിരുന്ന സുഖേന്ദു ശേഖർ റോയ് രാജിവെച്ച് ഒരാഴ്ച തികയും മുൻപാണ് ഈ നിർണ്ണായക രാജി. ഇതോടെ ടിഎംസിയുടെ രാജ്യസഭയിലെ അംഗബലം 11 ആയി കുറഞ്ഞു.
“രാജ്യസഭാംഗത്വത്തിൽ നിന്നുള്ള എന്റെ രാജി ഞാൻ ഔദ്യോഗികമായി സമർപ്പിക്കുന്നു. ഇത് ഉടനടി പ്രാബല്യത്തിൽ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു,” രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് അയച്ച കത്തിൽ സുഷ്മിത ദേവ് വ്യക്തമാക്കി.
രാജിവെച്ചതിന് തൊട്ടുപിന്നാലെ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ദില്ലിയിലെ വസതിയിൽ അദ്ദേഹത്തോടൊപ്പം സുഷ്മിത നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ബിജെപിയിൽ ചേരുമെന്ന ഊഹാപോഹങ്ങൾക്ക് ഇത് ശക്തി പകരുകയും ചെയ്തു. “അസം ബന്ധം” ഉണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, “ഇതിൽ അസം ബന്ധം മാത്രമാണുള്ളത്” എന്നായിരുന്നു സുഷ്മിതയുടെ മറുപടി.
അസമിലെ സിൽച്ചറിൽ നിന്നുള്ള കോൺഗ്രസ് ലോക്‌സഭാ എംപിയായിരുന്ന സുഷ്മിത ദേവ് 2019 ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് 2021 ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. അന്ന് “ജനസേവനത്തിന്റെ പുതിയൊരു അധ്യായം” തുടങ്ങുകയാണെന്നാണ് സുഷ്മിത പറഞ്ഞിരുന്നത്. അസമിലെ പ്രമുഖ കോൺഗ്രസ് നേതാവും സ്വാധീനമുള്ള ബംഗാളി നേതാവുമായിരുന്ന സന്തോഷ് മോഹൻ ദേവിന്റെ മകളാണ് 53 വയസ്സുകാരിയായ സുഷ്മിത ദേവ്. കോൺഗ്രസിന്റെ വനിതാ വിഭാഗമായ ഓൾ ഇന്ത്യ മഹിളാ കോൺഗ്രസിന്റെ അധ്യക്ഷയായും അവർ പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ടിഎംസിയുടെ തീപ്പൊരി പ്രചാരകയായി മാറിയ സായോനി ഘോഷും മമതയെ കൈവിടുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രത്യേക ബ്ലോക്കായി മാറാനുള്ള കത്തിൽ സായോനി ഘോഷും ഒപ്പുവെച്ചതായി ഇന്ന് വാർത്തകൾ പുറത്തുവന്നു. എല്ലാ എംപിമാരുടെയും പേരുകൾ വിമത ഗ്രൂപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പാർട്ടിയിലെ ഈ പ്രതിസന്ധികൾക്കിടെ, ഇന്ന് ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും കണ്ടു. ഇത് ടിഎംസി കോൺഗ്രസിൽ ലയിക്കും എന്ന അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തിയെങ്കിലും, അത്തരമൊരു നീക്കമില്ലെന്നാണ് ടിഎംസി നേതാക്കൾ വിശദീകരിക്കുന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിനുള്ളിൽ വലിയ ആഭ്യന്തര കലഹങ്ങളാണ് നിലനിൽക്കുന്നത്.
Photo Courtesy: Google/ images are subject to copyright

