‘വേദന ആഴത്തിലുള്ളതാണ്, മുറിവുണങ്ങാൻ സമയമെടുക്കും’: സ്പെയിനോടേറ്റ തോൽവിയിൽ വികാരാധീനനായി ലയണൽ മെസ്സി
ലോകകപ്പ് ഫൈനലിൽ സ്പെയിനോടേറ്റ തോൽവിക്ക് പിന്നാലെ വികാരനിർഭരമായ കുറിപ്പുമായി അർജന്റീന നായകൻ ലയണൽ മെസ്സി. തോൽവി നൽകുന്ന വേദന വളരെ ആഴത്തിലുള്ളതാണെന്നും അതിൽ നിന്ന് കരകയറാൻ സമയമെടുക്കുമെന്നും മെസ്സി വ്യക്തമാക്കി. എക്സ്ട്രാ ടൈം വരെ നീണ്ടുനിന്ന വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീനയെ വീഴ്ത്തി സ്പെയിൻ ലോക ചാമ്പ്യന്മാരായത്.
ഈ വേദന അളവറ്റതാണെന്നും മുറിവുണങ്ങാൻ സമയമെടുക്കുമെന്നും മെസ്സി കുറിച്ചു. നമ്മൾ തിരിച്ചുപിടിച്ച മത്സരങ്ങൾ, ഒരു രാജ്യം മുഴുവൻ നൽകിയ പിന്തുണ തുടങ്ങി ടീമിനൊപ്പമുള്ള യാത്രയ്ക്കിടയിലെ ഓരോ നിമിഷവും ഓർമയിലുണ്ടെന്ന് താരം പറഞ്ഞു. ഈ ടീമിന്റെ കഠിനധ്വാനവും വിജയത്തിനായുള്ള ശ്രമങ്ങളുമാണ് അർജന്റീനയെ വീണ്ടും ലോകത്തിന്റെ മുൻനിരയിലേക്ക് എത്തിച്ചത്. നമ്മുടെ നേട്ടങ്ങൾ പൂർണമായും വിലയിരുത്താൻ പ്രയാസമാണ്, എന്നാൽ തുടർച്ചയായി രണ്ട് ലോകകപ്പ് ഫൈനലുകളിൽ എത്താൻ കഴിഞ്ഞത് വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്തുണച്ച എല്ലാവർക്കും ഹൃദയം തൊട്ട് നന്ദി അറിയിച്ച മെസ്സി, ചാമ്പ്യൻഷിപ്പ് നേടിയ സ്പെയിനിനെ അഭിനന്ദിക്കുകയും ചെയ്തു.
ഫൈനലിൽ അർജന്റീനയ്ക്ക് കാലിടറിയെങ്കിലും ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് മെസ്സി പുറത്തെടുത്തത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമാണ് താരം ഈ ലോകകപ്പിൽ നേടിയത്. നോക്കൗട്ട് ഘട്ടത്തിൽ ഈജിപ്ത്, സ്വിറ്റ്സർലൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരായ വിജയങ്ങളിൽ മെസ്സിയുടെ പങ്കാളിത്തം നിർണായകമായിരുന്നു. കഴിഞ്ഞ നാല് ലോകകപ്പുകളിൽ മൂന്നാം തവണയാണ് അർജന്റീന ഫൈനലിൽ പ്രവേശിക്കുന്നത്.

