15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കി ഫ്രാൻസ്; യൂറോപ്പിലെ ആദ്യ രാജ്യം
അമിതമായ ഓൺലൈൻ ഉപയോഗവും സോഷ്യൽ മീഡിയ സൃഷ്ടിക്കുന്ന ദോഷഫലങ്ങളും തടയുന്നതിനായി ചരിത്രപരമായ നിയമ നിർമ്മാണവുമായി ഫ്രാൻസ്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്ന നിയമം ഫ്രഞ്ച് പാർലമെന്റ് പാസാക്കി. ഇതോടെ ഇത്തരത്തിലൊരു കർശന വിലക്ക് നടപ്പിലാക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ഫ്രാൻസ് മാറി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ശക്തമായ പിന്തുണയോടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. നിയമപ്രകാരം 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങാൻ സാധിക്കില്ല. ഉപയോക്താക്കളുടെ പ്രായം കൃത്യമായി പരിശോധിക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ നിർബന്ധമായും ഏർപ്പെടുത്തണമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ നിയമം നിർദ്ദേശം നൽകുന്നുണ്ട്.
ഫ്രഞ്ച് സെനറ്റിന്റെ അംഗീകാരം ലഭിച്ച ബിൽ നാഷണൽ അസംബ്ലിയിൽ 81-നെതിരെ 279 വോട്ടുകൾക്കാണ് പാസായത്. കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി സോഷ്യൽ മീഡിയ ഉപയോഗത്തിൽ ഇത്രയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ഏതാനും രാജ്യങ്ങളിൽ ഒന്നായി ഫ്രാൻസ് ഇതോടെ മാറിയിരിക്കുകയാണ്.

