ഇൻസ്റ്റാഗ്രാമിൽ കുട്ടികളുടെ അശ്ലീല പരസ്യം: മെറ്റയോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ

ഇൻസ്റ്റാഗ്രാമിൽ കുട്ടികളുടെ അശ്ലീല പരസ്യം: മെറ്റയോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ (CSAM) പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഇൻസ്റ്റാഗ്രാമിൽ പണമടച്ചുള്ള പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടെന്ന ബിബിസിയുടെ അന്വേഷണ റിപ്പോർട്ടിന് പിന്നാലെ, മാതൃകമ്പനിയായ മെറ്റായുടെ പ്രതിനിധികളെ വിളിച്ചുവരുത്താൻ കേന്ദ്ര ഐടി മന്ത്രാലയം (MeitY) ഉത്തരവിട്ടു. വിഷയത്തിൽ മെറ്റയോട് അടിയന്തരമായി ഔദ്യോഗിക വിശദീകരണം തേടാൻ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്ലാറ്റ്‌ഫോമിലെ പരസ്യങ്ങളുടെ മോഡറേഷൻ സംവിധാനം എങ്ങനെ പരാജയപ്പെട്ടു എന്നതിനെക്കുറിച്ചും ഇത്തരം ഉള്ളടക്കങ്ങൾ തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും കേന്ദ്ര സർക്കാർ കമ്പനിയോട് വിശദീകരണം ചോദിക്കും.

ബിബിസി നടത്തിയ ‘ബിബിസി ഐ’ (BBC Eye) അന്വേഷണത്തിലാണ് ഇന്ത്യയിലെ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് മുന്നിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിരവധി പരസ്യങ്ങൾ പ്രദർശിപ്പിച്ചതായി കണ്ടെത്തിയത്. ‘റേപ്പ് വീഡിയോ’, ‘ചൈൽഡ് വീഡിയോ’ തുടങ്ങിയ അത്യന്തം ഗൗരവമേറിയ വാക്കുകൾ ഉപയോഗിച്ചായിരുന്നു ഈ പരസ്യങ്ങൾ പ്ലാറ്റ്‌ഫോമിൽ നൽകിയിരുന്നത്. വെറും 99 രൂപയ്ക്ക് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത ഈ പരസ്യങ്ങൾ, ഉപയോക്താക്കളെ നേരിട്ട് ടെലിഗ്രാം മെസ്സേജിങ് ആപ്പിലെ ചില പ്രത്യേക ചാനലുകളിലേക്കാണ് നയിച്ചിരുന്നത്. ഇൻസ്റ്റാഗ്രാമിന്റെ പരിശോധനകൾ മറികടന്ന് ഇത്തരം പരസ്യങ്ങൾ എങ്ങനെ ലൈവ് ആയി പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇപ്പോൾ വലിയ ആശങ്ക ഉയർത്തുന്നത്.

വിഷയം വിവാദമായതോടെ, കുറ്റകരമായ പരസ്യങ്ങളും അവ നൽകിയ അക്കൗണ്ടുകളും പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തതായി മെറ്റാ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ സിസ്റ്റം പൂർണ്ണമല്ലെന്നും 350 കോടിയിലധികം വരുന്ന ഉപയോക്താക്കൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഇത്തരം കുറ്റവാളികളെ കണ്ടെത്താൻ നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിരന്തരം പോരാടുകയാണെന്നും മെറ്റാ വക്താവ് വ്യക്തമാക്കി. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിൽ ഇന്ത്യയിലെ ഐടി നിയമങ്ങൾ കർശനമാണെന്നിരിക്കെ, സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയതിന് മെറ്റാ വലിയ രീതിയിലുള്ള നിയമനടപടികൾ നേരിടേണ്ടി വന്നേക്കുമെന്നാണ് സൂചന.

 

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.