ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം നേതാവ് ഐ.പി. ബിനു ഉൾപ്പെടെ 13 പ്രതികൾക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.എം പാളയം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു ഉൾപ്പെടെയുള്ള 13 പാർട്ടി പ്രവർത്തകർക്ക് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം നിഷേധിച്ചു. ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയായ സാഹചര്യത്തിൽ തങ്ങൾക്ക് ജാമ്യം അനുവദിക്കണമെന്നും ഇനി കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടതില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി പൂർണ്ണമായി തള്ളി. കേന്ദ്ര ഏജൻസിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ചെയ്തത് അതീവ ഗൗരവമുള്ള കുറ്റമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം അക്രമസംഭവങ്ങളുടെ ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. മെയ് 27-ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ വസതിയിൽ ഇഡി നടത്തിയ റെയ്ഡിനിടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ഇഡി പരിശോധന നടത്തുന്നു എന്ന വിവരമറിഞ്ഞ് സ്ഥലത്ത് പ്രതിഷേധവുമായെത്തിയ സി.പി.എം പ്രവർത്തകർ അന്വേഷണ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു. തുടർന്ന്, വലിയ തോതിലുള്ള അക്രമസംഭവങ്ങളാണ് പ്രദേശത്ത് അരങ്ങേറിയത്. സംഭവത്തെ തുടർന്ന് പാളയം ലോക്കൽ സെക്രട്ടറി ഐ.പി ബിനു ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Photo Courtesy: Google/ images are subject to copyright

