കള്ളാടി മണ്ണിടിച്ചിൽ: ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം
വയനാട് കള്ളാടി തുരങ്കപാതാ നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിർമ്മാണ സ്ഥലത്തുനിന്ന് മുൻപ് തന്നെ മണ്ണ് നീക്കം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ദുരന്തം നടന്ന പ്രദേശത്തിന് തൊട്ടുമുകളിലായി മറ്റൊരു മണ്ണിടിച്ചിൽ കൂടി ഉണ്ടായതായി വിവരമുണ്ട്. ഇക്കാര്യം കൂടി വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടനടപടികൾ സ്വീകരിക്കുക. കേന്ദ്രസർക്കാർ ഈ തുരങ്ക നിർമ്മാണത്തിന് പാരിസ്ഥിതിക അനുമതി നൽകിയപ്പോൾ മുന്നോട്ടുവെച്ച കർശനമായ നിർദ്ദേശങ്ങൾ നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനി പാലിച്ചിട്ടുണ്ടോ എന്ന് പ്രത്യേകമായി പരിശോധിക്കും. പ്രദേശത്തെ അപകടസാധ്യതകൾ പൂർണ്ണമായും വിലയിരുത്തിയ ശേഷം മാത്രമേ ഇനി ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവദിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി കടുത്ത ഭാഷയിൽ വ്യക്തമാക്കി.
പി.എസ്.സി (PSC) യുമായി ബന്ധപ്പെട്ട് നിലവിൽ ഉയർന്നു വന്നിട്ടുള്ള മുഴുവൻ ആരോപണങ്ങളെക്കുറിച്ചും സർക്കാർ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പി.എസ്.സി അഭിമുഖ പരീക്ഷകളിൽ, ഉദ്യോഗാർത്ഥികളുടെ എഴുത്തുപരീക്ഷയിലെ മാർക്ക് മുൻകൂട്ടി അറിഞ്ഞുകൊണ്ടുള്ള ചില ഇടപെടലുകൾ നടന്നിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റാണെന്നും, തുറമുഖത്തിന്റെ ഓഹരി കൈമാറ്റം നടന്നു എന്ന രീതിയിലുള്ള റിപ്പോർട്ടുകളിൽ യാഥാർത്ഥ്യമില്ലെന്നും ഓഹരി കൈമാറ്റങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Photo Courtesy: Google/ images are subject to copyright

