ബഹിരാകാശത്ത് മലയാളി തിളക്കം; ഡോ. അനിൽ മേനോൻ അടങ്ങുന്ന മൂന്നംഗ സംഘവുമായി റഷ്യൻ റോക്കറ്റ് കുതിച്ചുയർന്നു

ബഹിരാകാശത്ത് മലയാളി തിളക്കം; ഡോ. അനിൽ മേനോൻ അടങ്ങുന്ന മൂന്നംഗ സംഘവുമായി റഷ്യൻ റോക്കറ്റ് കുതിച്ചുയർന്നു

ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യക്കും കേരളത്തിനും ഒരുപോലെ അഭിമാന നിമിഷം സമ്മാനിച്ചുകൊണ്ട്, മലയാളിയായ നാസ ശാസ്ത്രജ്ഞൻ ഡോ. അനിൽ മേനോൻ അടക്കമുള്ള മൂന്നംഗ സംഘവുമായി റഷ്യയുടെ സോയൂസ് 2.1എ റോക്കറ്റ് വിജയകരമായി കുതിച്ചുയർന്നു. കസാഖിസ്താനിലെ ബൈക്കനൂർ ബഹിരാകാശ നിലയത്തിൽനിന്ന് ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 8.17നായിരുന്നു ഈ ചരിത്ര വിക്ഷേപണം. ഇതോടെ ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളി എന്ന അപൂർവ നേട്ടത്തിനാണ് ഡോ. അനിൽ മേനോൻ തുടക്കമിട്ടിരിക്കുന്നത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ സോയൂസ് എം എസ്-29 പേടകത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) ഇവരുടെ യാത്ര. റഷ്യൻ യാത്രികരായ പ്ര്യോത്ര് ദുബ്രോവ്, അന്ന കികിന എന്നിവരാണ് അനിൽ മേനോനൊപ്പമുള്ള മറ്റ് സംഘാംഗങ്ങൾ. എട്ടുമാസത്തോളം ബഹിരാകാശ നിലയത്തിൽ ചെലവഴിക്കുന്ന ഇവർ നൂറിലധികം ശാസ്ത്രീയ പരീക്ഷണങ്ങൾ പൂർത്തിയാക്കി 2027 ഏപ്രിലിലാകും ഭൂമിയിലേക്ക് മടങ്ങുക.

ഭൂമിയെ രണ്ടുതവണ വലംവെച്ച് മൂന്ന് മണിക്കൂറിലധികം നീണ്ട യാത്രയ്ക്കൊടുവിൽ ചൊവ്വാഴ്ച രാത്രി 11.52ഓടെ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി വിജയകരമായി ഘടിപ്പിച്ചു (Docking). തുടർന്ന് ബുധനാഴ്ച പുലർച്ചെ 2.00-ഓടെ പേടകത്തിന്റെ വാതിൽ തുറന്ന് ഇവർ നിലയത്തിലേക്ക് പ്രവേശിച്ചു. നിലവിൽ ഐഎസ്എസിലുള്ള ഏഴ് ബഹിരാകാശ സഞ്ചാരികൾക്കൊപ്പം ഈ മൂവർസംഘം കൂടി ചേരുന്നതോടെ ബഹിരാകാശ നിലയത്തിലെ ഗവേഷണ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം കൈവരും. ബഹിരാകാശ യാത്രികരുടെ ശാരീരിക മാറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങളും, മൈക്രോ ഗ്രാവിറ്റിയിൽ രക്തചംക്രമണം അളക്കുന്നതിനുള്ള അത്യാധുനിക സാങ്കേതികവിദ്യാ പരീക്ഷണങ്ങളുമാണ് അടിയന്തിര വിഭാഗം ഡോക്ടർ കൂടിയായ അനിൽ മേനോന്റെ നേതൃത്വത്തിൽ ഈ ദൗത്യത്തിൽ പ്രധാനമായും നടക്കുക.

മെഡിസിനിലും എൻജിനീയറിങ്ങിലും ബിരുദമുള്ള അനിൽ മേനോൻ 2014ൽ ഫ്ലൈറ്റ് സർജൻ ആയാണ് ആദ്യം നാസയുടെ ഭാഗമാകുന്നത്. പിന്നീട് സ്പേസ് എക്സിന്റെ ആദ്യ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് പ്രോഗ്രാമുകളുടെ ഭാഗമായി പ്രവർത്തിച്ച അദ്ദേഹം, യുഎസ് സ്പേസ് ഫോഴ്സിൽ കേണൽ കൂടിയാണ്. 2021-ലാണ് അനിൽ നാസയുടെ ബഹിരാകാശ സഞ്ചാരികളുടെ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ കെ. പി. ശങ്കരൻ മേനോന്റെയും യുക്രൈൻ സ്വദേശിനിയായ എലിസബത്തിന്റെയും മകനായി ജനിച്ച അനിൽ അമേരിക്കയിലെ മിനിയപോളിസിലാണ് വളർന്നത്. അദ്ദേഹത്തിന്റെ ഭാര്യ അന്ന മേനോനും (അന്ന വിൽഹെം) 2024-ൽ പൊളാരിസ് ഡൗൺ (Polaris Dawn) ദൗത്യത്തിലൂടെ ബഹിരാകാശ യാത്ര നടത്തി ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ്.

 

 

 

 

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.