കമ്മീഷൻ കൊള്ളയ്‌ക്കെതിരെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ജൂലൈ 21 മുതൽ സർവീസ് മുടങ്ങും
സംസ്ഥാനത്തെ ഓൺലൈൻ ടാക്സി തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. പ്രമുഖ ഓൺലൈൻ ടാക്സി കമ്പനികളായ ഊബർ, ഓല, റാപ്പിഡോ എന്നിവരുടെ ചൂഷണങ്ങൾക്കെതിരെ ജൂലൈ 21 മുതൽ സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ച് പ്രതിഷേധിക്കാനാണ് ഡ്രൈവർമാരുടെ സംഘടനകളുടെ തീരുമാനം. കോർപ്പറേറ്റ് കമ്പനികൾക്ക് പുറമെ, സർക്കാർ സംരംഭമായ കേരള സവാരിക്കെതിരെയും ഡ്രൈവർമാർക്കിടയിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. കമ്പനികൾ ഈടാക്കുന്ന ഭീമമായ കമ്മീഷൻ തുക അടിയന്തരമായി കുറയ്ക്കണമെന്ന പ്രധാന ആവശ്യമുയർത്തിയാണ് ഈ പണിമുടക്ക്.
ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് സർവീസ് നടത്തുന്നതെന്ന് ഡ്രൈവർമാർ വ്യക്തമാക്കുന്നു. ആയിരം രൂപയ്ക്ക് സർവീസ് നടത്തിയാൽ അതിന്റെ പകുതിയോളം (500 രൂപ) കമ്പനികൾ കമ്മീഷനായി തട്ടിയെടുക്കുന്ന കൊള്ളയാണ് നിലവിലുള്ളത്. ഇരട്ടി കമ്മീഷൻ കൂടി നൽകേണ്ടി വരുന്നതോടെ നിത്യജീവിതത്തിന് പോലും വകയില്ലാത്ത അവസ്ഥയിലാണ് തങ്ങളെന്ന് തൊഴിലാളികൾ പറയുന്നു. വാഹനം ഓടി കിട്ടുന്ന തുക അതിന്റെ അറ്റകുറ്റപ്പണികൾക്ക് (മെയിന്റനൻസ്) പോലും തികയാത്ത സാഹചര്യത്തിലാണ് ജീവനക്കാരെ അനിശ്ചിതകാല സമരത്തിലേക്ക് നയിച്ചത്.
Photo Courtesy: Google/ images are subject to copyright

