വയനാട്ടിൽ നാളെ വിദ്യാലയങ്ങൾക്ക് അവധി; കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ അഞ്ചായി, കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

വയനാട്ടിൽ നാളെ വിദ്യാലയങ്ങൾക്ക് അവധി; കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ അഞ്ചായി, കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 8, ബുധനാഴ്ച) ജില്ലാ കളക്ടർ മേഘ ശ്രീ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടിയായി വിദ്യാലയങ്ങൾക്ക് അവധി നൽകിയത്. ജില്ലയിൽ ഇന്നലെ രാത്രി മുതൽ പെയ്യുന്ന കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. അതിനിടെ, ഇന്ന് രാവിലെ കള്ളാടി മീനാക്ഷി പാലത്തിന് സമീപം വയനാട് തുരങ്കപാതയുടെ നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ മരണസംഖ്യ അഞ്ചായി ഉയർന്നു.

 പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ്, തുരങ്കപാതയ്ക്കായി എടുത്ത മണ്ണ് വലിയ തോതിൽ നിരങ്ങി വന്നാണ് അപകടമുണ്ടായത്. മരണപ്പെട്ടവർ അതിഥി തൊഴിലാളികളാണെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. അപകടസ്ഥലത്തു നിന്നും നിലവിൽ മൂന്ന് മൃതദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ട്. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ദുരന്തത്തിൽ ആറ് പേരെ കാണാതായതായാണ് വിവരം. മണ്ണിനടിയിൽ കൃത്യമായി എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ലാത്തതിനാൽ കാണാതായവരുടെ പട്ടിക തയാറാക്കിവരികയാണ്.

സ്ഥലത്ത് മണ്ണ് മാറ്റി മുഴുവൻ മേഖലയും പരിശോധിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനം ശക്തമാക്കുന്നതിനായി ദേശീയ ദുരന്തപ്രതികരണ സേനയുടെ (NDRF) രണ്ട് യൂണിറ്റുകൾ കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കനത്ത മഴ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും രാത്രി വൈകിയും പ്രദേശത്ത് തിരച്ചിൽ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

 

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.