സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം, പമ്പയിൽ ജലനിരപ്പുയർന്നു, മൂഴിയാർ, മലങ്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ശക്തമാക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിൽക്കുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ കനത്തത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ വരുന്ന മണിക്കൂറുകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട് (കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്). മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നു. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ കർശന നിർദേശം നൽകി.
മഴ കനത്തതോടെ പത്തനംതിട്ടയിലെയും ഇടുക്കിയിലെയും പ്രധാന നദികളിലും അണക്കെട്ടുകളിലും ജലനിരപ്പ് അതിവേഗം ഉയരുകയാണ്. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ റാന്നി, കോഴഞ്ചേരി താലൂക്കുകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നുണ്ട്. കൂടാതെ, മൂഴിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ അണക്കെട്ടിലെ ജലനിരപ്പ് റെഡ് അലർട്ട് നിലയായ 190 മീറ്ററിലെത്തി. പരമാവധി സംഭരണശേഷിയായ 192.63 മീറ്ററിലേക്ക് വെള്ളമെത്തിയാൽ ഷട്ടറുകൾ ഉയർത്തി കക്കാട്ടാറിലേക്ക് ഒഴുക്കിവിടുമെന്ന് ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ അറിയിച്ചു.
ഇടുക്കിയിലും മഴ ശക്തമായി തുടരുകയാണ്. കല്ലാർകുട്ടി, പാമ്പ്ല, കല്ലാർ, ഇരട്ടയാർ ഡാമുകളിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലങ്കര ഡാമിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി 1.5 മീറ്റർ വരെ കൂടുതൽ ഉയർത്തുന്നതിനാൽ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മൂവാറ്റുപുഴയിലെ ഇലാഹിയ നഗർ, കൊച്ചങ്ങാടി ഭാഗങ്ങളിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ വെള്ളമിറങ്ങിയതിനെ തുടർന്ന് ശുചീകരണം നടത്തിയ വീടുകളിലാണ് വീണ്ടും വെള്ളം കയറിയത്. കനത്ത മഴയിൽ ചെറുതോണി-കട്ടപ്പന പാതയിലും വണ്ണപ്പുറം-ചേലച്ചുവട് റോഡിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ഒരു കാരണവശാലും നദികളിൽ ഇറങ്ങരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
Photo Courtesy: Google/ images are subject to copyright

