സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: 15 മരണം, 7 പേരെ കാണാതായി; മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം ധനസഹായം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: 15 മരണം, 7 പേരെ കാണാതായി; മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം ധനസഹായം

സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയിലും മഴക്കെടുതികളിലും പെട്ട് ഇതുവരെ 15 പേർ മരണപ്പെടുകയും 7 പേരെ കാണാതാവുകയും ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ഭാഗത്തും പുതുപ്പള്ളിയിലുമായി മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇടുക്കിയിൽ രണ്ടു പേരും കൊല്ലത്ത് രണ്ടു പേരും മലപ്പുറത്ത് നാലു പേരും കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോരുത്തരും മഴക്കെടുതിയിൽ മരണപ്പെട്ടു. ഇതിനു പുറമെ വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കടലാക്രമണത്തിലും അപകടങ്ങളിലുമായി ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാണാതായവർക്കായി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തിരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

ദുരിതബാധിത മേഖലകളിൽ അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ ഫയർ ഫോഴ്സ് സംവിധാനങ്ങളും എൻ.ഡി.ആർ.എഫ് സംഘങ്ങളും സജ്ജമാണ്. നിലവിൽ പത്തനംതിട്ടയിൽ ഒരു ടീമിനെയും കോട്ടയത്ത് രണ്ട് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ തമിഴ്‌നാട്ടിലെ ആരക്കോണത്തുനിന്ന് രണ്ട് എൻ.ഡി.ആർ.എഫ് സംഘങ്ങളെ കൂടി അധികമായി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയവും മണ്ണിടിച്ചിലും കാരണം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്റർ വഴി ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. നിലവിൽ സംസ്ഥാനത്തുടനീളം 316 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും അതിൽ 11,018 പേർ കഴിയുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (SDRF) നിന്ന് 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്ന് 2 ലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് 2 ലക്ഷം രൂപയും ഉൾപ്പെടെയാണിത്. സംസ്കാര ചടങ്ങുകൾക്കായി അടിയന്തര ധനസഹായമായി 10,000 രൂപ നൽകും. കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്ന കുടുംബങ്ങൾക്ക് 10,000 രൂപ വീതവും ഉപജീവനം തടസ്സപ്പെട്ടവർക്ക് ഒരു റേഷൻ കാർഡിലെ രണ്ട് അംഗങ്ങൾക്ക് ദിവസേന 300 രൂപ വീതവും നൽകും. പൂർണമായും വീട് നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം 6 ലക്ഷം രൂപയായും സ്ഥലം വാങ്ങി വീട് വെച്ചുനൽകുന്നതിനുള്ള സഹായം 12 ലക്ഷം രൂപയായും സർക്കാർ വർദ്ധിപ്പിച്ചു.

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.