‘മിസ് ക്വീൻ ആന്ധ്ര 2026’ കിരീടം ചൂടി മധുര സാഹിതി
കൊച്ചി: വനിതകളുടെ സൗന്ദര്യവും ആത്മവിശ്വാസവും വ്യക്തിപ്രഭാവവും മാറ്റുരച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ മധുര സാഹിതി ‘മിസ് ക്വീൻ ആന്ധ്ര 2026’ ആയി തെരഞ്ഞെടുക്കപ്പെട്ടു.
കൊച്ചിയിൽ നടന്ന വർണ്ണാഭമായ ചടങ്ങിലാണ് ആന്ധ്രാപ്രദേശിന്റെ പുതിയ സൗന്ദര്യറാജ്ഞിയായി മധുര സാഹിതിയെ പ്രഖ്യാപിച്ചത്.
സംരംഭകയും ഫാഷൻ ഐക്കണും ബ്യൂട്ടി ഇൻഫ്ലുവൻസറുമായ റിങ്കി ഷാ, വിജയിയായ മധുര സാഹിതിയെ കിരീടമണിയിച്ചു. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ചെയർമാനുമായ ഡോ. അജിത് രവിയുടെ സാന്നിധ്യത്തിലായിരുന്നു കിരീടധാരണ ചടങ്ങ്.
വനിതാ ശാക്തീകരണത്തിനും ഫാഷൻ-സൗന്ദര്യ മേഖലകൾക്കും മുൻഗണന നൽകിക്കൊണ്ട് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. ചാരുതയും പ്രതിഭയും സമന്വയിപ്പിച്ച മികവുറ്റ പ്രകടനമാണ് മധുരയെ ഈ വിജയത്തിലേക്ക് നയിച്ചത്.
ഈ നേട്ടത്തോടെ മിസ് ക്വീൻ ആന്ധ്ര 2026 എന്ന പുതിയ പദവിയിലേക്കെത്തുന്ന മധുര സാഹിതി, വരും ദിവസങ്ങളിൽ ഫാഷൻ-സൗന്ദര്യ രംഗത്തെ പ്രമുഖ ദേശീയ-അന്തർദേശീയ വേദികളിൽ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ പ്രതിനിധീകരിക്കും.

