കാലവർഷക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ
മന്ത്രിസഭായോഗംസംസ്ഥാനത്ത് തുടരുന്ന കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി സർക്കാരിന്റെ സമഗ്ര ധനസഹായ പ്രഖ്യാപനം. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി, മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് അറിയിച്ചു. കൂടാതെ, സംസ്‌കാര ചടങ്ങുകൾക്കായി അടിയന്തര സഹായമായി 10,000 രൂപയും, വീടുകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് വീട് വൃത്തിയാക്കുന്നതിനും മറ്റുമായി 10,000 രൂപ വീതവും അനുവദിക്കും.
2024-ൽ തൃശ്ശൂരിൽ ഉണ്ടായ കാലവർഷക്കെടുതിയിൽ വിതരണം ചെയ്യാൻ ബാക്കിയുണ്ടായിരുന്ന ധനസഹായവും ഉടൻ ലഭ്യമാക്കും. നിലവിൽ സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ 26 പേർ മരണപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 4 പേരെ കാണാതായിട്ടുമുണ്ട്. നിലവിൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി സംസ്ഥാനത്തൊട്ടാകെ 462 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി പ്രവർത്തിച്ചുവരികയാണ്. സംസ്ഥാനത്ത് ഈ മാസം 8-ാം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വരുംദിവസങ്ങളിൽ ഇന്ത്യക്ക് തന്നെ മാതൃകയാകുന്ന വിധത്തിൽ നൂതന കാലാവസ്ഥാ പ്രവചന സംവിധാനവും ഫ്ലഡ് മാപ്പിംഗും നടപ്പിലാക്കും. അണക്കെട്ടുകളിലെ മണൽ നീക്കം ചെയ്യാനും നദികളിൽ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കർശന നിർദ്ദേശം നൽകും. എഐ (AI) ഡ്രിവൺ സംവിധാനങ്ങൾ ഉൾപ്പെടുത്തി ഡാം മാനേജ്‌മെന്റ് കൂടുതൽ ആധുനികവൽക്കരിക്കും. ഇതിനായി വിദഗ്ധരുടെ വലിയൊരു സംഘത്തെ ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ ഭാഗമാക്കും. നദീതീര കയ്യേറ്റങ്ങൾ കണ്ടെത്താൻ ലാന്റ് ഓഡിറ്റിംഗ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രിയദർശിനി വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, തെറ്റ് പറ്റിയെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ഇനി കൂടുതൽ വിവാദങ്ങളിലേക്ക് പോകുന്നില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Photo Courtesy: Google/ images are subject to copyright

