നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം: സഹായഹസ്തവുമായി ഇന്ത്യ; ദുരിതാശ്വാസ സാമഗ്രികൾ കൈമാറി
നേപ്പാളിൽ രൂക്ഷമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ അടിയന്തര സഹായവുമായി ഇന്ത്യ രംഗത്തെത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെ മണിക്കൂറുകൾക്കകം ഇന്ത്യയിൽ നിന്നുള്ള ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികൾ കാഠ്മണ്ഡുവിൽ എത്തിച്ചു. ദുരന്തബാധിതർക്ക് സാധ്യമായ എല്ലാവിധ മാനുഷിക സഹായങ്ങളും എത്തിക്കാൻ ഇന്ത്യ സദാ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ (C-130J) വിമാനത്തിലാണ് ഏകദേശം 10 ടൺ ഭാരമുള്ള അത്യാവശ്യ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചത്. താൽക്കാലിക ഷെൽട്ടറുകൾ, പുതപ്പുകൾ, ശുചിത്വ കിറ്റുകൾ, സോളാർ ലാമ്പുകൾ, ജീവൻരക്ഷാ മരുന്നുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ നൽകിയത്. സ്ഥിതിഗതികൾ കണക്കിലെടുത്ത് കൂടുതൽ സഹായങ്ങൾ എത്തിക്കുന്നതിനായി വ്യോമസേനയുടെ സി-17 വിമാനം, ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) പ്രത്യേക സംഘങ്ങൾ, സാങ്കേതിക വിദഗ്ധർ എന്നിവരെയും ഇന്ത്യ പൂർണസജ്ജമാക്കി നിർത്തിയിട്ടുണ്ട്.
വെള്ളപ്പൊക്കത്തിലും മലവെള്ളപ്പാച്ചിലിലും നേപ്പാളിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പാലങ്ങൾ ഒലിച്ചുപോവുകയും പ്രധാന റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകരുകയും ചെയ്തു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി കണ്ടെത്തുന്നതിനും നാട്ടിലെത്തിക്കുന്നതിനുമായി നേപ്പാൾ അധികൃതരുമായി ചേർന്ന് ഇന്ത്യൻ എംബസിയും മറ്റ് ഏജൻസികളും രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു വരികയാണ്.
Photo Courtesy: Google/ images are subject to copyright

