റെയിൽവേ അടിസ്ഥാന സൗകര്യ വികസനം: അതിർത്തി മേഖലകൾക്കായി 45,000 കോടിയുടെ പദ്ധതി
ചൈന, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ റെയിൽവേ നെറ്റ്‌വർക്ക് ശക്തമാക്കാൻ 450 ശതകോടി രൂപ (ഏകദേശം 45,000 കോടി രൂപ / 4.7 ബില്യൺ ഡോളർ) നിക്ഷേപിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. മേഖലയിലെ തന്ത്രപരമായ പ്രതിരോധശേഷിയും ഗതാഗതസൗകര്യങ്ങളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാരിന്റെ ഈ സുപ്രധാന നീക്കം. അടുത്ത 18 മുതൽ 24 മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.
പഞ്ചാബ്, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, അസം തുടങ്ങി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പുതിയ പാതകളുടെ നിർമ്മാണം, പ്ലാറ്റ്‌ഫോമുകളുടെ വികസനം, ട്രാക്കുകളുടെ ബലപ്പെടുത്തൽ എന്നിവ ഈ പദ്ധതി വഴി പൂർത്തിയാക്കും. അടുത്ത രണ്ട് വർഷത്തേക്ക് രാജ്യത്തെ റെയിൽവേ അടിസ്ഥാനസൗകര്യ വികസനത്തിനായി മാറ്റിപ്പറ്റിവെച്ചിരിക്കുന്ന ആകെ തുകയുടെ 22 ശതമാനത്തോളം തുകയാണ് അതിർത്തി സംസ്ഥാനങ്ങൾക്കായി മാത്രം വകയിരുത്തുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റെയിൽവേ ലൈനുകളും പാലങ്ങളും തുരങ്കങ്ങളും നിർമ്മിക്കുന്നതിനായി വകയിരുത്തിയ 3.4 ബില്യൺ ഡോളറിന്റെ വികസനപദ്ധതികൾക്ക് പുറമെയാണ് കേന്ദ്ര നരേന്ദ്ര മോദി സർക്കാരിന്റെ ഈ പുതിയ ബൃഹത് തന്ത്രപ്രധാന നിക്ഷേപ പദ്ധതി. അതിർത്തി ഗ്രാമങ്ങളുടെ വികസനത്തിനും സുരക്ഷാ സേനകളുടെ അതിവേഗ മുന്നേറ്റത്തിനും ഒരുപോലെ സഹായകരമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
Photo Courtesy: Google/ images are subject to copyright

