ആറുമാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കാൻ കേന്ദ്രനീക്കം: ഒക്ടോബർ ഒന്നു മുതൽ നടപടി
കഴിഞ്ഞ ആറുമാസമായി വിഹിതം കൈപ്പറ്റാത്ത റേഷൻ കാർഡുകൾ ഒക്ടോബർ ഒന്നു മുതൽ മരവിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. രാജ്യത്തൊട്ടാകെ ഏകദേശം 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങളെയാണ് ഈ ഘട്ടത്തിൽ നടപടി ബാധിക്കുക എന്നാണ് റിപ്പോർട്ട്.
റേഷൻ കാർഡുകൾ മരവിപ്പിച്ചാലും ഉടൻ തന്നെ ഉപഭോക്താക്കളുടെ പേരുകൾ പൂർണ്ണമായി വെട്ടിമാറ്റില്ല. പകരം, തങ്ങൾ യഥാർത്ഥ ഗുണഭോക്താക്കൾ തന്നെയാണെന്ന് തെളിയിക്കുന്നതിനായി മൂന്നു മാസത്തെ സാവകാശം നൽകും. ഈ സമയപരിധിക്കുള്ളിൽ ആവശ്യമായ തിരിച്ചറിയൽ നടപടികളും പരിശോധനകളും പൂർത്തിയാക്കുന്നവരുടെ മരവിപ്പിച്ച റേഷൻ കാർഡുകൾ പുനഃസ്ഥാപിച്ച് നൽകും.
വ്യാജ കാർഡുകൾ, ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ, നിലവിൽ ഉപയോഗത്തിലില്ലാത്ത സംശയാസ്പദമായ അക്കൗണ്ടുകൾ എന്നിവ പൊതുവിതരണ ശൃംഖലയിൽ നിന്ന് ഒഴിവാക്കി അർഹരായവർക്ക് മാത്രം ആനുകൂല്യം ഉറപ്പാക്കാനാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
Photo Courtesy: Google/ images are subject to copyright

